
നിവിൻ പോളിയും അൽഫോൺസ് പുത്രനും വീണ്ടുമൊന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘വിജയം’ ഉപേക്ഷിച്ചുവെന്ന പ്രചാരണം വ്യാജമെന്ന് സ്ഥിരീകരണം. പ്രൊജക്റ്റ് ഡിസൈനറും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ കുട്ടു ശിവാനന്ദനാണ് സോഷ്യൽ മീഡിയയിലൂടെ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞത്. ചിത്രം ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണെന്നും ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു കുട്ടു ശിവാനന്ദന്റെ പ്രതികരണം.
‘പ്രേമം’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം നിവിൻ പോളിയും അൽഫോൺസ് പുത്രനും കൈകോർക്കുന്ന ചിത്രമാണിത്. നിവിന്റെ കരിയറിലെ 50-ാം ചിത്രമായി റേസിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘വിജയ’ത്തിന്റെ രചനയും ചിത്രസംയോജനവും അൽഫോൺസ് പുത്രൻ തന്നെയാണ് നിർവഹിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സിനൊപ്പം സിനിഹോളിക്സ് പിക്ച്ചേഴ്സിന്റെ ബാനറിൽ ടോൺസൺ ടോണി, സുനിൽ രാമടി, പ്രശാന്ത് ജെ എസ് എന്നിവർ ചേർന്നാണ് നിർമാണം. ബോളിവുഡിൽ വലിയ വിജയം നേടിയ ‘ധുരന്ധർ 1’, ‘ധുരന്ധർ 2 റിവഞ്ച്’, ആര്യൻ ഖാൻ സംവിധാനം ചെയ്ത ‘ബാർഡ്സ് ഓഫ് ബോളിവുഡ്’ എന്നിവയിലൂടെ ശ്രദ്ധേയനായ സ്റ്റീവ് കോട്ടൂരാണ് ഈ മലയാള ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നത്. പ്രീ-പ്രൊഡക്ഷൻ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിക്കഴിഞ്ഞാൽ ഉടൻ ആരംഭിക്കും.
“വിജയം എന്ന ചിത്രം ഉപേക്ഷിച്ചെന്നത് അഭ്യൂഹം മാത്രമാണ്. ഇതെല്ലാം ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ആരാണെന്ന് അറിയില്ല. ചിത്രം ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. അതിന്റെ ജോലികൾ പൂർത്തിയായാലുടൻ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല. നിർമാതാക്കളുടെ ഭാഗത്തുനിന്നുവരുന്ന ഒഫീഷ്യൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ.” കുട്ടു ശിവാനന്ദൻ പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററിനൊപ്പമാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.