കടുവ സിനിമയ്‌ക്കെതിരെ പരാതി; സെന്‍സര്‍ ബോര്‍ഡ് തീരുമാനം എടുക്കണം -ഹൈക്കോടതി

','

' ); } ?>

പൃഥ്വിരാജ് ചിത്രമായ ‘കടുവ’ തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ സിനിമ കണ്ട് തീരുമാനം എടുക്കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി. ജോസ് നല്‍കിയ പരാതിയില്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനം എടുക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.

കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. ഒരു ഐ.പി.എസ്. ഓഫീസറുമായി താന്‍ നടത്തിയ നിയമയുദ്ധം അക്കാലത്ത് മാധ്യമങ്ങളിലുള്‍പ്പെടെ വന്നിരുന്നു. ഇതേ വിഷയത്തില്‍ സിനിമ ചെയ്യാമെന്ന് വ്യക്തമാക്കി രഞ്ജി പണിക്കര്‍ ഒരിക്കല്‍ വന്നിരുന്നു. മോഹന്‍ലാലിനെയോ സുരേഷ് ഗോപിയെയോ നായകനാക്കി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതു നടന്നില്ല.

ഇതിനുശേഷമാണ് ജിനു വര്‍ഗീസ് എബ്രഹാം കടുവ എന്ന പേരില്‍ സിനിമ ഒരുക്കുന്നതെന്നും ഇതു തന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍ ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിക്കുകയായിരുന്നു. ഇതിനുശേഷമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധായകനാവുന്ന ചിത്രമാണ് കടുവ.ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയാണ് കടുവയില്‍ വില്ലനായെത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്‌റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ. ലൂസിഫറിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളയിരുന്നു ലഭിച്ചത്.ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ജിനു വി. എബ്രഹാം ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.90കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.