തിരിച്ചെടുക്കാന്‍ ഒന്നര ലക്ഷം രൂപയും ക്ഷമാപണ കത്തും നല്‍കണം; ചിന്മയിക്കെതിരെ വീണ്ടും സംഘടന

മീടൂ വെളിപ്പെടുത്തിയത്തിന്റെ പേരില്‍ സംഘടനയില്‍ നിന്നും പുറത്താക്കിയ ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദയെ യൂണിയനിലേക്ക് തിരിച്ചെടുക്കാന്‍ സംഘടന ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപ. ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയില്‍ വീണ്ടും അംഗമാവാന്‍ ഒന്നരലക്ഷം രൂപയും ക്ഷമാപണ കത്തും നല്‍കണമെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ ആവശ്യപ്പെട്ടു എന്ന് വെളിപ്പെടുത്തുകയാണ് ചിന്മയി.

‘ജോലി ചെയ്യാനുള്ള തന്റെ അവകാശത്തിന് വലിയൊരു തുക ഈടാക്കുന്ന യൂണിയന്റെ നടപടിയെ ട്വിറ്റര്‍ പോസ്റ്റിലൂടെ ചിന്മയി ചോദ്യം ചെയ്യുകയാണ്. ‘നിലവില്‍ ഞാന്‍ യൂണിയന് ഒന്നര ലക്ഷം രൂപ നല്‍കണം, ഒപ്പം ക്ഷമാപണ കത്തും നല്‍കണം. അതുകഴിഞ്ഞാല്‍ അവര്‍ എന്റെ അംഗത്വം പുനസ്ഥാപിക്കുകയും തമിഴ് സിനിമകളില്‍ എന്നെ ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്യും. 2006 മുതല്‍ എന്റെ വരുമാനത്തില്‍ നിന്നും യൂണിയന്‍ ലക്ഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നിട്ടും വീണ്ടും ഞാന്‍ ജോലി ചെയ്യാനുള്ള എന്റെ അവകാശത്തിന് ഇപ്പോള്‍ ഒന്നര ലക്ഷം രൂപ നല്‍കണം,’ ചിന്മയി ട്വിറ്റര്‍ പോസ്റ്റിലൂടെ പറയുന്നു.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഗാനരചയിതാവ് വൈരമുത്തുവിനും നടന്‍ രാധാ രവിക്കുമെതിരെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. രണ്ടുവട്ടം വൈരമുത്തു തന്നോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചിരുന്നുവെന്നായിരുന്നു ചിന്മയിയുടെ ആരോപണം. സഹകരിച്ചില്ലെങ്കില്‍ തന്റെ കരിയര്‍ നശിപ്പിക്കുമെന്ന് വൈരമുത്തു ഭീഷണി മുഴക്കിയതായും ചിന്മയി ആരോപിച്ചു. ചിന്മയിയുടെ വെളിപ്പെടുത്തല്‍ വിവാദമാവുകയും ചിന്മയിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തുവരികയും ചെയ്തു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയില്‍ നിന്നും ചിന്മയി പുറത്തായി. രണ്ട് വര്‍ഷമായി സംഘടനയുടെ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് നല്‍കിയില്ലെന്ന് കാണിച്ചായിരുന്നു ചിന്മയിയെ പുറത്താക്കിയത്.