
നടി നിധി അഗർവാളിനെതിരായ ആരാധകരുടെ അതിക്രമത്തിൽ പ്രതികരിച്ച് ഗായിക ചിന്മയി. ഇത്തരം ആളുകൾ കഴുതപ്പുലികൾക്കുപോലും
അപമാനമാണെന്ന് ചിന്മയി പറഞ്ഞു. ആൾക്കൂട്ടത്തിന് നടുവിൽ അകപ്പെട്ട നിധിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ചിന്മയി ഈ വിഷയത്തിൽ പ്രതികരിച്ചത്. “കഴുതപ്പുലികളേക്കാൾ മോശമായി പെരുമാറുന്ന ഒരു കൂട്ടം പുരുഷന്മാർ. വാസ്തവത്തിൽ, കഴുതപ്പുലികളെ എന്തിന് അപമാനിക്കണം? സമാന ചിന്താഗതിയുള്ള പുരുഷന്മാരെ ഒരുമിച്ചുകൂട്ടിയാൽ അവർ ഒരു സ്ത്രീയെ ഇങ്ങനെ ഉപദ്രവിക്കും. എന്തുകൊണ്ടാണ് ഏതെങ്കിലും ദൈവം അവരെ എല്ലാവരെയും കൊണ്ടുപോയി മറ്റൊരു ഗ്രഹത്തിൽ ആക്കാത്തത്?.”ചിന്മയി കുറിച്ചു
കഴിഞ്ഞ ദിവസം ‘ദ രാജാസാബിന്റെ’ ഹൈദരാബാദിൽ വച്ചു നടന്ന ഓഡിയോ ലോഞ്ചിനു ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാരെ പോലും തള്ളിമാറ്റി ആൾക്കൂട്ടം നടിക്ക് നേരെ എത്തുകയായിരുന്നു. നടിയെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെൽഫി എടുക്കാനുമെല്ലാം ആരാധകർ ശ്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
തിക്കിലും തിരക്കിനുമിടയിലൂടെ ഏറെ പണിപ്പെട്ടാണ് നിധി കാറിലെത്തിയത്. മോശമായി പെരുമാറിയ ആരാധകരെക്കുറിച്ച് വലിയ വിമർശനമുയരുന്നുണ്ട്. നടിമാരും മനുഷ്യരാണെന്നും അവരും സ്വകാര്യത അർഹിക്കുന്നുണ്ടെന്നും കമന്റുകളിൽ പറയുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായതായും വിമർശനം ഉയരുന്നുണ്ട്. പരിപാടിക്ക് പൊലീസ് അനുമതി വാങ്ങിയില്ലെന്നും അത് സുരക്ഷയെ ബാധിച്ചെന്നും വാർത്തകളുണ്ട്.
പ്രഭാസിനെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് രാജാസാബ്. ഹൊറർ-കോമഡി ചിത്രം ടി.ജി വിശ്വപ്രസാദ് നിർമിച്ച് മാരുതിയാണ് സംവിധാനം ചെയ്യുന്നത്. സഞ്ജയ് ദത്ത്, നിധി അഗർവാൾ,മാളവിക മോഗൻ റിദ്ധി കുമാർ എന്നവരും ചിത്രത്തിലുണ്ട്. ചിത്രം ജനുവരി ഒമ്പതിന് തിയറ്ററുകളിലെത്തും