“പശ്ചാത്തല സംഗീതത്തിൽ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ നൂതനത്വങ്ങൾ ഇന്നും ഓർക്കുന്നു”; എസ്.പി. വെങ്കിടേഷിന്റെ വേർപാടിൽ മുഖ്യമന്ത്രി

','

' ); } ?>

പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ‘പശ്ചാത്തല സംഗീതത്തിൽ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ നൂതനത്വങ്ങൾ ഇന്നും ഓർക്കപ്പെടുന്നുവെന്നും, അദ്ദേഹത്തിന്റെ മരണം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണെന്നും’ മുഖ്യ മന്ത്രി കുറിച്ചു. തെന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

“മലയാള ചലച്ചിത്ര സംഗീത രംഗത്തെ പ്രമുഖരിലൊളായ എസ് പി വെങ്കിടേഷിന്റെ നിര്യാണം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണ്. മലയാളികളെല്ലാവരും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന നിത്യഹരിത ഗാനങ്ങൾ അദ്ദേഹത്തിന്റെ ആവിഷ്കാരങ്ങളാണ്. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങൾ. പശ്ചാത്തല സംഗീതത്തിൽ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ നൂതനത്വങ്ങൾ ഇന്നും ഓർക്കപ്പെടുന്നു. സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. കുടുംബാംഗങ്ങളുടെയും സൃഹുത്തുക്കളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.” മുഖ്യമന്ത്രി കുറിച്ചു.

70കൾ മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളുടെ ഓർക്കസ്ട്രേഷനിൽ എസ്‌.പി. വെങ്കിടേഷ് സജീവമായിരുന്നു. 1971ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1981ൽ ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.

1986ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ടി.പി. ബാലഗോപാലൻ എം.എ’ എന്ന സിനിമയുടെ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തുന്നതിൽ എ.ടി. ഉമ്മറിന്റെ സഹായി ആയിരുന്നു. തുടർന്ന് അതേ വർഷം, തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകൻ’ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ട് മലയാള സിനിമാ ഗാനരംഗത്ത് തുടക്കം കുറിച്ചു. തുടർന്നങ്ങോട്ട് സിനിമാപ്രേമികളെ ത്രസിപ്പിച്ച നിരവധി പാട്ടുകളും പശ്ചാത്തല സംഗീതങ്ങളും ഒരുക്കി എസ്‌പിവി മലയാളത്തിൽ നിറഞ്ഞു.

ചെന്നൈയിലെ വീട്ടിൽ ഇന്ന് രാവിലെ ശുചിമുറിയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു.