
മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈയുടെ റീ റിലീസിന്റെ ഫസ്റ്റ് ഷോയുടെ സമയം പുറത്തുവന്നിരിക്കുകയാണ്.
പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ജൂൺ 6 നാണ് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്.
രാവിലെ 10 മണി മുതലാണ് ഛോട്ടാ മുംബൈയുടെ ആദ്യ പ്രദർശനങ്ങൾ ആരംഭിക്കുന്നത്. നിരവധി ഫാൻസ് ഷോകളാണ് സിനിമയുടെ റിലീസിന്റെ അന്ന് മോഹൻലാൽ ആരാധകർ പ്ലാൻ ചെയ്യുന്നത്. ചിത്രം രാവിലെ 7 മണി മുതൽ പ്രദർശനം ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 4 കെ റീമാസ്റ്റേർഡ് പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. നേരത്തെ മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നായിരുന്നു ഛോട്ടാ മുംബൈയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടിയത്.
ആദ്യ ദിനം സിനിമയ്ക്ക് മികച്ച കളക്ഷൻ നേടാനാകും എന്നാണ് പ്രതീക്ഷ. ചിത്രത്തിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുല്‍ രാജായിരുന്നു സംഗീതസംവിധാനം. മോഹന്‍ലാൽ മാത്രമല്ല, ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷക മനസില്‍ ഇന്നും വലിയ സ്ഥാനമുണ്ട്. സിദ്ദിഖിന്റെ മുള്ളന്‍ ചന്ദ്രപ്പനും, ജഗതിയുടെ പടക്കം ബഷീറും, കലാഭവന്‍ മണിയുടെ വില്ലന്‍ വേഷവും ബിജുക്കുട്ടന്റെ സുശീലനും രാജന്‍ പി ദേവന്റെ പാമ്പ് ചാക്കോച്ചനും ഭാവനയുടെ ലതയും തുടങ്ങി ഇന്നും സിനിമയിലെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ നിര വലുതാണ്.
സമീപകാലത്തായി റീ-റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ കോടിക്കിലുക്കവുമായാണ് തിയേറ്ററുകള്‍ വിട്ടത്. ഛോട്ടാ മുംബൈയും റെക്കോര്‍ഡ് കാഴ്ചക്കാരെ നേടുമെന്നാണ് ആരാധക പ്രതീക്ഷ.