ചതുരം എ പടം; പക്ഷേ, അതു മാത്രമല്ല: സിദ്ധാര്‍ഥ് ഭരതന്‍…

ചതുരം ഒരു ഇറോട്ടിക് ഗണത്തില്‍പ്പെടുന്ന ഒരു സിനിമ കൂടെയാണെന്ന് സംവിധായന്‍ സിദ്ധാര്‍ഥ് ഭരതന്‍.മലയാളത്തില്‍ വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരത്തിലുളള സിനിമ വരുന്നതെന്നും, ഇത്തരം സിനിമകളും ആവശ്യമെന്നും സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതന്‍ പറഞ്ഞു. ചതുരം ഒരു സൈക്കോളജിക്കല്‍ ഡ്രാമ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇങ്ങനൊരു ഇറോട്ടിക് സിനിമ വന്നിട്ട് കുറേ കാലമായി. എന്നാല്‍ ഇത് അങ്ങനൊയൊരു സിനിമ മാത്രമല്ല. അതിനപ്പുറം ആണിന്റെയും പെണ്ണിന്റെയും പ്രശ്‌നങ്ങള്‍ പറയുന്ന സിനിമയാണ്. പ്രത്യേകിച്ചും ഇന്നത്തെ കാലഘട്ടടത്തില്‍ പറയേണ്ട പ്രമേയമാണ് സിനിമ സംസാരിക്കുന്നത്. മനോരമ ന്യൂസ് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ധാര്‍ഥ് ഭരതന്‍.

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സ്വാസികയും റോഷന്‍ മാത്യുവുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നാളെയാണ് ചതുരം തീയേറ്ററുകളുലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തില്‍ അതിയായ വയലന്‍സും സെക്‌സും നിറഞ്ഞിരിക്കുന്നതിനാല്‍ സെന്‍സര്‍ ബോര്‍ഡ് ചതുരത്തിന് എ സര്‍ട്ടിഫിക്കേറ്റാണ് നല്‍കിയിരിക്കുന്നത്. റോഷന്‍ മാത്യു, സ്വാസ്വിക എന്നിവര്‍ക്ക് പുറമെ ശാന്തി, അലന്‍സിയര്‍, ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗര്‍, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗ്രീന്‍വിച്ച് എന്റര്‍ടേയ്ന്‍മെന്റ്‌സിന്റെയും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിതാ അജിത്തും ജോര്‍ജ് സാന്തിയാഗോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധാര്‍ഥ് ഭരതനും വിനോയി തോമസും ചേര്‍ന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രദീഷ് എം വര്‍മ്മയാണ് ക്യമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.