മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ചതുര്‍മുഖത്തിലെ നാലാമത്തെ മുഖത്തെ പരിചയപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍. ടെക്‌നോ- ഹൊറര്‍ ചിത്രമായി ഒരുങ്ങുന്ന ചതുര്‍മുഖത്തിലെ കൗതുകകരമായ നാലാം സാന്നിധ്യം ഒരു ‘സ്മാര്‍ട്ട് ഫോണ്‍’ ആണ്. സിനിമയ്ക്കു വേണ്ടി ഒരുക്കിയ കൗതുകരമായ റിങ്ങ്‌ടോണും ലോഞ്ച് ചെയ്തു.മലയാളത്തിലെ ആദ്യത്തെ ടെക്‌നോ-ഹൊറര്‍ സിനിമായ ‘ചതുര്‍മുഖ’ത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഏപ്രില്‍ 8ന് ചിത്രം തീയറ്ററുകളിലെത്തും.
മഞ്ജുവിന്റെ തേജസ്വിനി, സണ്ണിയുടെ ആന്റണി, അലന്‍സിയാറുടെ ക്ലമന്റ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കോളേജിലെ സഹപാഠികളായിരുന്ന തേജസ്വിനിയും ആന്റണിയും ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സൊല്യൂഷന്‍സിന്റെ ബിസിനസ്സ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയര്‍ഡ് അഗ്രികള്‍ച്ചറല്‍ കോളേജ് അധ്യാപകനായ ക്ലെമെന്റ് കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണ സാഹചര്യവും അതിന്റെ തുടര്‍ച്ചയായി ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.
നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു…സു…സുധി വല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.
എന്താണ് ടെക്‌നോ ഹൊറര്‍
ഫിക്ഷന്‍ ഹൊററിന്റെ ഒരു ഉപവിഭാഗമാണ് ടെക്‌നോ ഹൊറര്‍. ഭയത്തിന്റെ മുഖ്യകാരണം ആധുനികശാസ്ത്രവും ടെക്‌നോളജിയും ആയി അവതരിപ്പിക്കപ്പെടുന്ന സിനിമകളാണ് ഈ ജോണറില്‍ വരുന്നത്. പ്രധാനമായും ഹോളിവുഡ്, ജാപ്പനീസ് ഫിലിം മേക്കേര്‍സാണ് ഈ ജോണറിലെ സിനിമകള്‍ എടുത്തിട്ടുള്ളത്. പതിവു ഹൊറര്‍ സിനിമകളിലെ പോലെ സാരിയുടുത്ത പ്രേതമോ, പ്രേതബാധയുള്ള വീടോ, മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെ ഒരുക്കുന്ന ചതുര്‍മുഖം, ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും.