
ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിക്കെതിരേ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ബംഗ്ലാദേശി പൗരനായ മുഹമ്മദ് ഷരീഫുൾ ഇസ്ലാമിനെതിരെയാണ് ബാന്ദ്ര പോലീസ് കോടതിയിൽ തെളിവുകളോടെ കുറ്റപത്രം ഹർജിയാക്കിയത്.
ജനുവരി 16-ന് ബാന്ദ്രയിലെ സെയ്ഫിന്റെ അപ്പാർട്ട്‌മെന്റിൽ നുഴഞ്ഞുകയറിയ പ്രതി കത്തികൊണ്ട് നടനെ കുത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ സെയ്ഫിനെ അടിയന്തരമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തെ അഞ്ച് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
താനെയിൽനിന്ന് ജനുവരി 19-ന് ഷരീഫുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു. ആക്രമണത്തിനിടെ നടന്റെ ശരീരത്തിൽ തറച്ച കത്തിയുടെ കഷണവും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയ കത്തിയുടെ ഭാഗവും ഒരേ ആയുധത്തിലേതാണെന്ന് പൊലീസ് പറഞ്ഞു. കത്തി മൂന്നു ഭാഗങ്ങളായിരുന്നുവെന്നും ഇതിൽ പ്രധാനപ്പെട്ട ഭാഗം പ്രതിയിൽനിന്ന് കണ്ടെടുത്തതായി അവർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
കുറ്റകൃത്യം വളരെ ഗൗരവമേറിയതാണെന്നും പ്രതിക്കെതിരേ ശക്തമായ തെളിവുകൾ നിലവിലുണ്ടെന്നും പോലീസിന്റെ അഭിഭാഷകൻ പ്രതിയുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ട് കോടതിയെ അറിയിച്ചു.