സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, പിന്നണിഗായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് വിനീത് ശ്രീനിവാസന്‍. വിനീത് കഥയെഴുതി സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളും വിജയിച്ചു. അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസ്സില്‍ ഇടംനേടി. പാടിയ ഗാനങ്ങളെല്ലാം ഹിറ്റ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘കിളിച്ചുണ്ടന്‍ മാമ്പഴ’ത്തില്‍ വിദ്യാസാഗര്‍ സംഗീതം ചെയ്ത ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനം പാടിയാണ് വിനീത് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. 2008ല്‍ പുറത്തിറങ്ങിയ ‘സൈക്കിള്‍’ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ശേഷം മലവാര്‍ടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ വിനീത് സിനിമാ സംവിധായകനായി. വിനീത് സ്വന്തമായി കഥയും തിരക്കഥയും പൂര്‍ത്തിയാക്കി സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് യുവാക്കള്‍ക്കിടയില്‍ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു. മകന്റെ അച്ഛന്‍, ട്രാഫിക്, ചാപ്പാ കുരിശ്, ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, അരവിന്ദന്റെ അതിഥികള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന മനോഹരം എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ വിനീത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ് വിനീത്.
.എഴുത്ത്, ഗായകന്‍, സംവിധായകന്‍, നടന്‍, നിര്‍മ്മാതാവ് എല്ലാ മേഖലയിലും കഴിവ് തെളിയിച്ചു. ഇനിയെന്താണ്?
ഡയറക്ഷന്‍ തന്നെയാണ് ഞാന്‍ എപ്പോഴും ആലോചിക്കുന്ന കാര്യം. സ്വന്തമായിട്ട് സിനിമകള്‍ ചെയ്യുക എന്നുള്ളതാണ് എപ്പോഴും ആഗ്രഹം. പിന്നെ ഇപ്പോഴുള്ള കാര്യങ്ങളൊക്കെ കുറച്ച്കൂടെ നന്നായി ചെയ്തിട്ട് പോയാല്‍ മതി. അത്രയേ ഉള്ളു. വേറെ വലിയ ആഗ്രഹങ്ങളൊന്നുമില്ല.
.മുന്‍പിലുള്ള പ്രൊജക്ടുകള്‍?
മനോഹരത്തിന് ശേഷം ജോമോണ്‍ ടി ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ പ്രൊഡ്യൂസ് ചെയ്യുന്ന തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നൊരു സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഗിരീഷ് എന്ന പുതിയൊരു സംവിധായകനാണ് ചിത്രമൊരുക്കുന്നത്. കൂടാതെ ഒന്നു രണ്ട് സിനിമകളും കൂടെ കമ്മിറ്റ്‌മെന്റിലുണ്ട്. പറയാറായിട്ടില്ല. അടുത്ത മാസമൊക്കെ ആവുമ്പോഴേക്കും കാര്യങ്ങളൊക്ക ഫൈനലാവും.
.അഭിനയം തന്നെയാണോ വരാനിരിക്കുന്ന ചിത്രങ്ങളില്‍?
കമ്മിറ്റ് ചെയ്ത സിനിമകളൊക്കെ തീര്‍ത്ത് കഴിഞ്ഞാല്‍ ഓഗസ്റ്റ്-സെപ്തംബറൊക്കെ ആവുമ്പോഴേക്കും എന്റെ സിനിമയുടെ എഴുത്ത് കാര്യങ്ങളിലേക്ക് കടക്കണമെന്നൊരു ഐഡിയയിലാണ് ഞാന്‍. അത് കഴിഞ്ഞിട്ട് വേറെ അഭിനയിക്കാനൊന്നും ഞാന്‍ കമ്മിറ്റ് ചെയ്തിട്ടില്ല.
.ഈ വര്‍ഷം ഡയറക്ഷനില്ല?
ഈ വര്‍ഷം എഴുത്ത് തുടങ്ങി. എങ്ങനെയായാലും അത് ഷൂട്ടിംഗിന്റെ ഒരു സ്‌റ്റേജിലേയ്‌ക്കൊക്കെ ഈ വര്‍ഷം എത്തും. അപ്പോള്‍ അടുത്ത വര്‍ഷം ഒരു സിനിമ ഉണ്ടാവുമെന്നുള്ള പ്രതീക്ഷയിലാണ് ഞാന്‍.
.ഇനി വരാനിരിക്കുന്ന ഏതെങ്കിലും പാട്ടുകളുണ്ടോ..?
ഞാനൊരു നാലഞ്ച് സിനിമകളില്‍ പാടിയിട്ടുണ്ട്. ഇത് എപ്പോഴൊക്കെ റിലീസാവുമെന്ന് എനിക്ക് അറിയില്ല. സച്ചിനിന്‍ ഒരു പാട്ടുണ്ട്. പിന്നെ നാദിര്‍ഷ ഇക്കയ്ക്ക് വേണ്ടി ഒരു പാട്ട് പാടിയിട്ടുണ്ട്. പിന്നെ ചെറിയ സിനിമകളില്‍ കുറച്ചധികം പാട്ട് ഞാന്‍ പാടിയിട്ടുണ്ട്.
.എഴുത്തുകാരനായ ആനന്ദ് നീലകണ്ഠന്‍ പറഞ്ഞത് ശ്രീനിവാസന്റെ രചനകളാണെന്നെ എഴുത്തുകാരനാക്കിയതെന്നാണ്?. എങ്ങനെയാണ് അച്ഛന്റെ രചനകളെ നോക്കിക്കാണുന്നത്?
തിരക്കഥ എഴുതാന്‍ വേണ്ടി ആഗ്രഹിച്ചു തുടങ്ങുന്ന സമയത്ത് എല്ലാവരും വായിക്കുന്ന പുസ്തകങ്ങളുണ്ട്. അതില്‍ നിന്ന് നമുക്ക് എഴുത്തിനെക്കുറിച്ച് അറിവ് കിട്ടും. ഞാന്‍ മലര്‍വാടി ചെയ്യുന്ന സമയത്ത് അച്ഛന്റെയടുത്ത് ഓരോ തവണ പോയി സ്‌ക്രിപ്റ്റ് വായിച്ച് കേള്‍പ്പിക്കുമ്പോള്‍ എനിക്ക് എഴുത്തിനെക്കുറിച്ചുള്ള ഫീഡ്ബാക്ക് കിട്ടിയിട്ടുണ്ട്. അച്ഛന്റെ അടുത്ത് നിന്ന് ലഭിച്ച ആ അറിവുകള്‍ തന്നെയാണ് എനിക്കിപ്പോഴും എഴുതുമ്പോഴുള്ള പ്രചോദനം.
.’സന്ദേശം’ എന്ന സിനിമയില്‍ സന്ദേശമില്ല’ അത്തരം ചര്‍ച്ചകള്‍ ഈ കാലത്തും നടക്കുന്നുണ്ടു. ശ്രദ്ധിക്കാറുണ്ടോ?
എഴുത്തുകാരന്‍ എന്നുള്ള രീതിയില്‍ എനിക്കിഷ്ടമുള്ള ഒരുപാട് സിനിമകളുണ്ട്. ഡിസ്‌ക്കഷന്‍സുണ്ടാവുമ്പോള്‍ സിനിമകള്‍ നമ്മള്‍ വീണ്ടും ഓര്‍ക്കും. വേണുനാഗവള്ളി സാറിന്റെ പഴയ സിനിമകള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സുഖമോദേവി, സര്‍വകലാശാല, ലാല്‍സലാം തുടങ്ങിയ സിനിമകളെല്ലാം. പക്ഷെ അദ്ദേഹത്തിന്റെ സിനിമകള്‍ ആളുകള്‍ ഡിസ്‌ക്കസ് ചെയ്ത് കാണാറില്ല. ഒരു ഫോര്‍മാറ്റിലും പെടാത്ത രീതിയില്‍ സിനിമ പോകുന്നത് കണ്ടിട്ടുള്ളത് വേണു നാഗവള്ളി സാറിന്റെ ചിത്രങ്ങളിലാണ്. എവിടെയെങ്കിലും സിനിമകളെപറ്റി ചര്‍ച്ചകള്‍ വരുമ്പോഴാണ് അന്നത്തെ കാലത്തെ സിനിമകളെ ഇന്നത്തെ ജനറേഷന്‍ വീണ്ടും ഓര്‍ക്കുന്നത്. എനിക്ക് ചെറുപ്പത്തില്‍ കണ്ട് വളരെ ഇംപാക്ടായിട്ടുള്ളൊരു സിനിമയാണ് ഉത്തരം. അത് ഞാന്‍ വീണ്ടും കണ്ടപ്പോള്‍ വിചാരിച്ചു എന്താണ് ഈ കാലഘട്ടത്തിലും ഈ സിനിമയെക്കുറിച്ച് ആരും ഒന്നും പറയാത്തതെന്ന്. ജോര്‍ജ് സാറിന്റെ ഇരകള്‍ എന്ന ചിത്രം എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ ആളുകള്‍ കൂടുതലും സംസാരിക്കുക പഞ്ചവടിപാലത്തിനക്കുറിച്ചും യവനികയെക്കുറിച്ചുമൊക്കെയാണ്. സ്‌ക്രീന്‍പ്ലേ എഴുതാനും അതിനേക്കുറിച്ച് താല്‍പ്പര്യവുമുള്ള കുട്ടികളൊക്കെ എന്റെയടുത്ത് വന്ന് സംസാരിക്കുമ്പോള്‍ ചിലരൊക്കെ പറയും ചേട്ടാ ഞാന്‍ ക്ലാസിക്ക് സിനിമകളൊന്നു അങ്ങനെ കണ്ടിട്ടില്ല, അങ്ങനെയൊക്കെ കാണേണ്ട ആവശ്യമുണ്ടോ എന്നൊക്കെ..അങ്ങനെ ഒരു നിര്‍ബന്ധവുമില്ല. നമുക്ക് നമ്മുടെ ആള്‍ക്കാര്‍ ഉണ്ടാക്കിവെച്ച കുറേ സാധനങ്ങള്‍ ഉണ്ട്. എലിപ്പത്തായവും, പഞ്ചവടിപാലവുംമെല്ലാം കണ്ട് ഫോളോ ചെയ്താല്‍ തന്നെ നമുക്ക് മുന്നോട്ട് പോകാനുള്ള ഗൈഡ് അതില്‍ നിന്ന് കിട്ടും. പഴയ സിനിമകളെപറ്റി ചര്‍ച്ചകള്‍ നടക്കട്ടെ അത് നല്ല കാര്യമാണ്. സിനിമയെപറ്റി സംസാരിക്കാതിരിക്കുന്നതാണ് ഏറ്റവും സങ്കടമുളള കാര്യം.
.ആക്ടേഴ്‌സ് ഡയറക്ടേഴ്‌സാവുന്നു ഡയറക്ടേഴ്‌സ് ആക്ടേഴ്‌സാവുന്നു. അങ്ങിനെ എല്ലാവരും എല്ലാമേഖലയിലും ഒരേ സമയം പ്രവര്‍ത്തിക്കുന്നു. എന്താണ് അഭിപ്രായം?
ഞാനൊരു സിനിമയില്‍ ചീഫ് അസോസിയേറ്റായി വര്‍ക്ക് ചെയ്യാന്‍ പോവുകയാണ്..(ചിരിക്കുന്നു). ഞാനത് വളരെ എക്‌സൈറ്റിംഗായിട്ടാണ് കാണുന്നത്. ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റ് ചെയ്യാതെയാണ് ഞാന്‍ സിനിമ ചെയ്യാന്‍ തുടങ്ങിയത്. ഇപ്പോള്‍ എനിക്ക് അസോസിയേറ്റായിട്ട് ചെയ്യാനൊരു ചാന്‍സ് കിട്ടിയിട്ടുണ്ട്. മിക്കവാറും ആ സിനിമ ഞങ്ങള്‍ ജൂണില്‍ ആരംഭിക്കും. എന്റെ അടുത്ത കൂട്ടുകാരനാണ് ആ സിനിമ ഡയറക്ട് ചെയ്യുന്നത്. ഇന്ന കാര്യമേ ഒരാള്‍ ചെയ്യാന്‍ പറ്റു എന്നുള്ള ചിന്ത എനിക്ക് ഒരുകാലത്തും ഉണ്ടായിട്ടില്ല. ഞാന്‍ എല്ലാത്തിലും നിന്നിട്ടുണ്ട്. ഒരു സിനിമ പോലും ഇന്‍ഡിപെന്റന്റായിട്ട് ചെയ്യാത്ത ആളുകളുണ്ട്. അവര്‍ അസോസിയേറ്റായി നില്‍ക്കുന്നതില്‍ ഹാപ്പിയാണ്. അത്തരം ആള്‍ക്കാര്‍ ഷോട്ട് ഫിലിമെല്ലാം ചെയ്ത് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. അവര്‍ ആഗ്രഹിക്കുന്ന ചെറിയ ചെറിയ സിനിമകള്‍ അവര്‍ ചെയ്യുന്നുണ്ട്. ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ഡയറക്ടറായേ പറ്റൂ എന്നില്ല. ഒരു അസോസിയേറ്റ് ഡയറക്ടറായി കഴിഞ്ഞാല്‍ എപ്പോഴാണ് സിനിമ ചെയ്യുക എന്ന പ്രഷര്‍ ഇല്ല. കല്ല്യാണം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ട് കുട്ടിയായോ എന്ന് ചോദിക്കുന്നപോലെയാണിത്. അങ്ങനെയൊന്നുമില്ല. ഓരോരുത്തര്‍ തീരുമാനിക്കുന്ന സമയത്ത് സിനിമ എന്ന ആലോചന ഉള്ളവര്‍ക്ക് മുന്നോട്ട് പോകാം. അല്ലാത്തവര്‍ ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല.
.ചീഫ് അസോസിയേറ്റായിട്ടുള്ള പ്രൊജക്ടിനെക്കുറിച്ച്…?
അടുത്ത മാസമേ എനിക്കത് പറയാന്‍ പറ്റു. ഫൈനല്‍ ഡിസ്‌ക്കഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ നടന്നാല്‍ ജൂണില്‍ ചിത്രം ആരംഭിക്കും.
.സോഷ്യല്‍മീഡിയയില്‍ പലതരത്തിലുള്ള ചര്‍ച്ചകള്‍, ചിലരുടെ അഭിപ്രായങ്ങള്‍ വളച്ചൊടിക്കല്‍ ഇങ്ങിനെയെല്ലാം നടക്കുന്നു. പക്ഷേ ഇതിലൊന്നും വിനീത് ഉള്‍പ്പെടാറില്ല?
ഞാന്‍ വളരെ സൈലന്റായിട്ട് പോകുന്ന ആളാണ്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ഇടപെട്ട് എല്ലാത്തിനും അഭിപ്രായം പറഞ്ഞിരുന്നാല്‍ നമ്മുടെ ഒരുപാട് സമയവും എനര്‍ജിയും പോകും. ഇടയ്‌ക്കൊക്കെ എനിക്കും അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ഞാന്‍ കഴിയുന്നതും സോഷ്യല്‍മീഡിയ ആവശ്യമുള്ള കാര്യത്തിനേ ഉപയോഗിക്കാറുള്ളു. സിനിമയെപറ്റിയുള്ള കാര്യങ്ങളേ എനിക്ക് കൂടുതലായിട്ടും പറയാനുള്ളൂ. സോഷ്യല്‍ മീഡിയ ഒരു ടൂളാണ്. ആളുകള്‍ക്ക് എങ്ങനെവേണമെങ്കിലും ഉപയോഗിക്കാം. സോഷ്യല്‍ മീഡിയയില്‍ നിലപാടുകളും കരിയറും വാദങ്ങളും ഒന്നിലും ബാധിക്കാതെ കൊണ്ടുപോവുന്ന ആളുകളുമുണ്ട്. നമ്മളൊക്കെ എന്തെങ്കിലും ചെറിയ കാര്യങ്ങള്‍ പറഞ്ഞാല്‍ അത് ചര്‍ച്ചചെയ്യുന്നത്‌കൊണ്ട് ഞാനങ്ങനെ വലിയ ബഹളത്തിലൊന്നുമില്ലാതെ ഒരു സൈഡിലൂടെ പോവുകയാണ്.
.ധ്യാനെക്കുറിച്ച്…?
ധ്യാനിന്റെ സിനിമയ്ക്ക് വേണ്ടിയിട്ട് ഞാന്‍ കാത്തിരിക്കുകയാണ്. ലവ് ആക്ഷന്‍ ഡ്രാമയുടെ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ ഞാന്‍ ഒരുപാട് ചിരിച്ചതാണ്. അത് തിയേറ്ററില്‍ വന്ന് കാണാന്‍ എനിക്ക് ഭയങ്കര ആകാംക്ഷയുണ്ട്. ധ്യാന്‍ എന്റെയടുത്ത് നരേറ്റ് ചെയ്ത രീതിയിലാണ് വരുന്നതെങ്കില്‍ എനിക്ക് തോന്നുന്നു ആളുകള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാവും. സിനിമയെപറ്റി കൂടുതല്‍ പറയുന്നത് ശരിയല്ല. ഫിലിം മേക്കിംഗിലാണ് അവന് കൂടുതല്‍ താല്‍പ്പര്യം. അപ്പോള്‍ അവന്‍ എന്ത് ചെയ്യുന്നു എന്ന് കാണാന്‍ ഞാനും ആകാക്ഷയിലാണ്.
.എന്താണ് മനോഹരന്റെയും മനോഹരത്തിന്റെയും വിശേഷങ്ങള്‍…?
കഴിഞ്ഞ ഒരു മാസം മുതല്‍ പാലക്കാട് വടക്കാഞ്ചേരി, നെന്മാറ, ആലത്തൂര്‍ ഭാഗത്തായിട്ടൊക്കൊയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. നല്ല സഹകരണമുള്ള നാട്ടുകാരായിരുന്നു അവിടെ ഉണ്ടായിരുന്നത്. ലൈറ്റായിട്ടുള്ളൊരു സിനിമയാണ് മനോഹരം. ടെക്‌നോളജിയുടെ കടന്നുകയറ്റം കഴിഞ്ഞ പത്തു പതിനഞ്ച് വര്‍ഷത്തിനിടയില്‍ നമ്മുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ വരുന്നതിന് മുന്‍പ് ഒരു പ്രത്യേക രീതിയില്‍ ജീവിക്കുന്നവരു ജോലിയെടുക്കുന്നവരും പെട്ടെന്ന് ഈ മാറ്റം വരുന്ന സമയത്ത് എങ്ങനെ മുന്നോട്ട്‌പോകും എന്നറിയാതെ പകച്ച് പോകും. അങ്ങനെയുള്ള ഒരാളെ ചുറ്റിപ്പറ്റിയുള്ള രസകരമായ സിനിമയാണ് മനോഹരം. ഇന്ദ്രന്‍സേട്ടന്‍, ബോസില്‍ ജോസഫ്, ഹരീഷ് പേരടി, ബൈജു ഏഴുപുന്ന, അപര്‍ണാ ദാസ്, ശ്രീലക്ഷ്മി തുടങ്ങി നിരവധിപ്പേര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
. കുഞ്ഞിരാമായണം ഇറങ്ങിയ അതേ മണ്ണില്‍ തന്നെയാണ് ഈ ചിത്രവും. ഫാന്റസിയുടെ ഒരു ചെറിയ സമാനത എവിടെയൊ തോന്നുന്നു. എന്താണ്..?
നാടന്‍ ക്യാരക്ടേഴ്‌സും നാട്ടിന്‍ പുറത്ത് നടക്കുന്ന കഥകളും അഭിനയിക്കാന്‍ എനിക്ക് ഭയങ്കര താല്‍പ്പര്യമാണ്. ഇപ്പോള്‍ ഒരു 19 വര്‍ഷമായിട്ട് ചെന്നൈ സിറ്റിയിലാണ് ഞാന്‍ താമസിക്കുന്നത്. അതിനാല്‍ തന്നെ മെട്രോസിറ്റി റോളുകള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ എനിക്ക് താല്‍പ്പര്യം നമ്മുടെ നാടുമായിട്ട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലുള്ള ക്യാരക്ടേഴ്‌സ് ചെയ്യാനാണ്. പത്താംക്ലാസ് വരെ ഞാന്‍ നാട്ടിലായിരുന്നു. ഇത്തരം ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ആ ഒരു കാലത്തിലേക്ക് തിരിച്ച് പോകുന്നപോലെയൊക്കെ തോന്നും. കുഞ്ഞിരാമായണം കുറച്ചൊരു ഫാന്റസി ചിത്രമാണ്. അതില്‍ നിന്ന് വ്യത്യസ്ഥമായിട്ടാണ് ഒരു സെക്കന്റ് ക്ലാസ് യാത്ര. എന്റെ പല സിനിമകളും പാലക്കാട് നിന്ന് ഷൂട്ട് ചെയ്തിട്ടുണ്ട്. വലിയ ടെന്‍ഷന്‍സൊന്നുമില്ലാതെ തിയേറ്ററില്‍ ആസ്വദിച്ച് കാണാവുന്ന ഒരു സിനിമയാണ് മനോഹരം.
.പാലക്കാട് സ്വയം തെരഞ്ഞെടുക്കുന്നതാണോ?
എവിടെയാണ് ഷൂട്ട് ചെയ്യുന്നത് എന്ന് സംവിധായകനാണ് തീരുമാനിക്കുന്നത്. മനോഹരത്തിന്റെ സംവിധായകന്‍ അന്‍വര്‍ സാദിഖ് പാലക്കാട്ടുകാരനാണ്. അന്‍വറിന് കുട്ടിക്കാലംതൊട്ട് പരിചയമുള്ളൊരു അറ്റ്‌മോസ്ഫിയറില്‍ നിന്ന്‌കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്. അതിനാലാണ് മനോഹരം പാലക്കാട് ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചത്.
.ഓര്‍മ്മയുണ്ടോ ഈ മുഖം ചെയ്ത സംവിധായകനോടൊപ്പം വീണ്ടും ഒന്നിക്കുന്നു. എങ്ങനെയാണ് ഈ കൂട്ട്‌കെട്ട്….?
ഓര്‍മ്മയുണ്ടോ ഈ മുഖത്തില്‍ നിന്ന് വളരെ വ്യത്യസ്ഥമായിട്ടുള്ളൊരു ചിത്രമാണ് മനോഹരം. ഓര്‍മ്മയുണ്ടോ ഈ മുഖം ഒരു ലവ് സ്‌റ്റോറിയും മനോഹരം ഒരു സാധാരണക്കാരന്റെ പ്രശ്‌നങ്ങളും കാര്യങ്ങളുമൊക്കെ വളരെ രസകരമായി പറയുന്ന, സിറ്റിയിലേയ്ക്ക് പോവാതെ പറയുന്ന ഒരു സിനിമയാണ്. ഒരു സംവിധായകന്റെ മറ്റൊരു രീതിയിലുള്ള സമീപനമാണ് ഈ ചിത്രത്തില്‍ കാണുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് ഞാന്‍ അന്‍വറിനോടൊപ്പം വര്‍ക്ക് ചെയ്യുന്നത്. അപ്പോഴുള്ള അന്‍വറിന്റെ വര്‍ക്ക് ചെയ്യുന്ന രീതിയും സിനിമയുടെ ഒരു രീതിയും ഭയങ്കരമായിട്ട് മാറിയിട്ടുണ്ട്. അത് വളരെ ഇന്‍ട്രസ്റ്റിംഗായി തോന്നി.
.ബേസില്‍, ജൂഡ് എല്ലാം അടങ്ങിയ ഒരു ക്രൂ കൂടെയുണ്ട് എപ്പോഴും….?
ഇതൊന്നും ഞാന്‍ പ്ലാന്‍ ചെയ്ത കാര്യമേയല്ല. മനോഹരത്തില്‍ ബേസിലും ജൂഡും ദീപക്കും അഭിനയിക്കുന്നുണ്ട്. ഇവരെയല്ലാം സെലക്ട് ചെയ്തത് അന്‍വറാണ്. ഇവരുമൊക്കെയായിട്ട് എനിക്ക് ഒന്നിച്ച് നേരത്തെ തന്നെ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റി. ഇവരൊക്കെ ഒന്നിച്ചുണ്ടാവുമ്പോള്‍ എനിക്ക് വളരെ കംഫര്‍ട്ടബിളാണ്. ആക്ടേഴ്‌സിനെ തെരഞ്ഞെടുക്കുന്നതിലൊന്നും ഒരിക്കലും ഞാന്‍ ഇടപെടാറില്ല. ഈ ചിത്രത്തില്‍ ബേസിലിന്റെ കൂടെയാണ് എനിക്ക് ത്രൂ ഔട്ട് അഭിനയിക്കാന്‍ ഉള്ളത്. ഇന്ദ്രന്‍സേട്ടന്റെ കൂടെ മുന്‍പ് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും ദിവസം ചേട്ടന്റെ കൂടെ ഒരുമിച്ചുള്ളൊരു റോള്‍ ഞാന്‍ ചെയ്യുന്നത് മനോഹരത്തിലാണ്. നന്നായിട്ട് പെര്‍ഫോം ചെയ്യുന്ന ആളുകള്‍ കൂടെയുണ്ടാവുമ്പോള്‍ നമുക്കും ഒരു ആവേശമാണ്.
.അന്‍വറുമായിട്ടുള്ളൊരു കെമിസ്ട്രി എങ്ങനെയാണ്..?
ഇതിന്റെ സക്രീന്‍പ്ലേ നേരത്തെ ഒരു ഡ്രാഫ്റ്റ് വായിച്ചിരുന്നു. ഞാന്‍ ഡയറക്ട് ചെയ്യുന്ന സിനിമയില്‍ ശ്രദ്ധിക്കാം എന്ന ഐഡിയയുമായി നില്‍ക്കുകയായിരുന്നു. ഒരു സ്‌റ്റേജില്‍ അന്‍വര്‍ ഈ സിനിമ മറ്റ് ആക്ടേഴ്‌സിനെവെച്ച് പ്ലാന്‍ ചെയ്‌തോട്ടെ എന്ന് കരുതി ഞാന്‍ ബാക്കി ആര്‍ട്ടിസ്റ്റുമായൊക്കെ സംസാരിച്ചിട്ടുണ്ട്. പക്ഷെ അവരുടെ ഡേറ്റും കാര്യങ്ങളുമൊന്നും ഒരു ഒന്നൊന്നര വര്‍ഷത്തേയ്ക്ക് കിട്ടില്ലെന്നുള്ള ഒരു സാഹചര്യമുണ്ടായി. അങ്ങനെ അന്‍വര്‍ സ്‌ക്രിപ്റ്റില്‍ കൂടുതല്‍ വര്‍ക്ക് ചെയ്ത് അത് വായിച്ച് കഴിഞ്ഞപ്പോള്‍ എനിക്കും ഭയങ്കര രസം തോന്നി. അങ്ങനെയാണ് ഞാന്‍ ഈ സിനിമയിലേക്ക് വീണ്ടും വരുന്നത്. ഓര്‍മ്മയുണ്ടോ ഈ മുഖം ചെയ്യുന്നതിന് മുമ്പും അന്‍വര്‍ എന്റെയടുത്ത് വേറൊരു സബ്ജക്ട് പറഞ്ഞിരുന്നു. ഏഴ് വര്‍ഷത്തെ സൗഹൃദമുണ്ട് ഞങ്ങള്‍ തമ്മില്‍. അതിനാല്‍ തന്നെ എന്തും പറയാന്‍ എളുപ്പമാണ്. അന്‍വറിന്റ സ്‌ക്രിപ്റ്റ് എഴുത്ത് എപ്പോഴും മാറിക്കൊണ്ടിരിക്കും. ഇംപ്രൂവ്‌മെന്റിന് വേണ്ടി എപ്പോഴും ശ്രമിച്ച്‌കൊണ്ടിരിക്കും അന്‍വര്‍.
.ഫാമിലി വിശേഷങ്ങള്‍..?
ഞാന്‍ മദ്രാസില്‍ സെറ്റില്‍ഡാണ്. എനിക്കൊരു മകനാണ് ഉള്ളത്. ഒരു വയസ്സ് കഴിഞ്ഞു. വര്‍ക്കില്ലാത്ത മാക്‌സിമം സമയവും ഫാമിലിയോടൊപ്പമാണ് കൂടുതല്‍. അരവിന്ദന്റെ അതിഥികള്‍ ചെയ്ത് ഒരു പത്തുമാസത്തോളം ഞാന്‍ വേറെ സിനിമകളൊന്നും ചെയ്തില്ല. ഇനിയുള്ള വര്‍ഷങ്ങളാണെങ്കിലും കൂടുതല്‍ സമയം ഫാമിലിയോടൊപ്പം ചെലവഴിക്കണം, സിനിമ ഇടയ്ക്ക് മാത്രം ചെയ്യണം എന്നുള്ള ഒരു ഐഡിയയിലാണ്.
.വൈഫും അച്ഛനുമൊക്കെ സിനിമയുടെ കാര്യത്തിലുള്ള സമീപനമെങ്ങനെയാണ്. വിമര്‍ശനങ്ങളുണ്ടോ..?
എന്തെങ്കിലും സംസാരിക്കുന്ന സമയത്തും സ്‌ക്രിപ്റ്റ് വായിക്കുന്ന സമയത്തും അച്ഛന്‍ അഭിപ്രായങ്ങള്‍ പറയാറുണ്ട്. ഒരു വടക്കന്‍ സെല്‍ഫിയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ അച്ഛനോട് ചോദിച്ചു എങ്ങനെയുണ്ടെന്ന്. അപ്പോള്‍ അച്ഛന്‍ പറഞ്ഞു ആദ്യ പകുതി വളരെ നന്നായിട്ടുണ്ട്, രണ്ടാം പകുതി അത്രതന്നെ മോശമായിട്ടുണ്ട് എന്ന്. എന്നിട്ട് അച്ഛന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞു. രണ്ടാം പകുതി ഇക്ബാലിക്കയും (ഇക്ബാല്‍ കുറ്റിപ്പുറം)വായിച്ചിട്ടുണ്ടായിരുന്നു. ഇവരുടെയൊക്കെ ഫീഡ്ബാക്ക് എടുത്തതിന് ശേഷമാണ് രണ്ടാം പകുതി വീണ്ടും എഴുതുന്നത്. കാര്യങ്ങളെല്ലാം കൃത്യമായിട്ട് അച്ഛന്‍ പറയും. അത് കേള്‍ക്കുമ്പോള്‍ പോസറ്റീവായിട്ട് ചെയ്യാനുള്ള ഒരു സ്പിരിറ്റ് ലഭിക്കും. അച്ഛന്‍ പറയുന്ന സബ്ജക്ടുകള്‍ കേള്‍ക്കുമ്പോള്‍ അതെല്ലാം സിനിമയായി എപ്പോള്‍ കാണാന്‍ പറ്റും എന്നുള്ള ആകാംക്ഷയാണ് എനിക്ക്. ഭയങ്കര രസകരമായിട്ടുള്ള ലളിതമായിട്ടുള്ള കുറേ ചിന്തകളുണ്ട് അച്ഛന്റെ മനസ്സില്‍. അതില്‍ വളരെ ഇന്‍്ട്രസ്റ്റിംഗായിട്ടുള്ള രണ്ട് ആര്‍ട്ടിസ്റ്റുകളുടെ കോമ്പിനേഷനിലുള്ള ഒരു സബ്ജക്ടിന്റെ ഐഡിയ എറണാകുളം മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റായ സമയത്ത് അച്ഛന്‍ എന്റെയടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നു. അതെല്ലാം സിനിമയായി കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.