അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം; പരിപാടികൾ മാറ്റി വെച്ച് താരങ്ങൾ

','

' ); } ?>

അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് ബോളിവുഡ് താരങ്ങള്‍. പ്രമുഖ താരങ്ങളായ ഷാരൂഖ് ഖാന്‍, കരീന കപൂര്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അല്ലു അര്‍ജുന്‍, കാജോള്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, സാമന്ത, രശ്മിക മന്ദാന, ഷാഹിദ് കപൂര്‍, കിയാര അദ്വാനി തുടങ്ങിയവർ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി. പല താരങ്ങളും അടുത്ത ദിവസം നടത്താനിരുന്ന പരിപാടികള്‍ അനുശോചന സൂചകമായി മാറ്റിവെച്ചുവെന്നാണ് റിപ്പോർട്.

നടന്‍ സല്‍മാന്‍ ഖാന്‍ വ്യാഴാഴ്ച നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു. ഇന്ത്യന്‍ സൂപ്പര്‍ റേസിങ് ലീഗുമായി (ഐഎസ്ആര്‍എല്‍) ബന്ധപ്പെട്ട് നടത്താനിരുന്ന വാര്‍ത്താസമ്മേളനമാണ് ഒഴിവാക്കിയത്. പരിപാടി തുടങ്ങി ദുരന്തവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ന് നടക്കാനിരുന്ന വിഷ്ണു മഞ്ചുവിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’യുടെ ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റും മാറ്റിവെച്ചു.

അഹമ്മദാബാദിലെ അപകടവാര്‍ത്തയറിഞ്ഞ്‌ ഹൃദയം തകര്‍ന്നു. മരിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് ഷാരൂഖ് ഖാന്‍ സാമൂഹികമാധ്യങ്ങളില്‍ കുറിച്ചു. വാക്കുകള്‍ കിട്ടുന്നില്ലെന്നും ഈ സമയത്ത് പ്രാര്‍ഥനകള്‍ മാത്രമാണുള്ളതെന്നുമായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം. യാത്രക്കാര്‍ക്കും വിമാനജീവനക്കാര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് സല്‍മാന്‍ ഖാനും കുറിച്ചു.

ആമിര്‍ ഖാന്റെ നിര്‍മാണക്കമ്പനിയായ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ആണ് അദ്ദേഹത്തിന്റെ പ്രതികരണം പങ്കുവെച്ചത്. ‘ദാരുണമായ വിമാനപകടത്തില്‍ അതീവദുഃഖമുണ്ട്. അഗാധമായ നഷ്ടത്തിന്റെ നിമിഷങ്ങളില്‍ മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങള്‍ക്കൊപ്പമാണ് മനസും പ്രാര്‍ഥനയും. നഷ്ടങ്ങളുണ്ടായവരോടും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരോടും ഐക്യദാര്‍ഢ്യപ്പെടുന്നു. ഇന്ത്യ ശക്തമായി തുടരട്ടെ’, എന്നായിരുന്നു പ്രസ്താവന.

ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍, റിതേഷ് ദേശ്മുഖ്, രണ്‍ദീപ് ഹൂഡ, സണ്ണി ഡിയോള്‍, ജാന്‍വി കപൂര്‍, അനന്യ പാണ്ഡെ, പരിണീതി ചോപ്ര എന്നിവരും അനുശോചനം രേഖപ്പെടുത്തി. മലയാളി താരങ്ങളായ മഞ്ജു വാര്യർ, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും നടുക്കം രേഖപ്പെടുത്തി.