
പ്രശസ്‌ത കനേഡിയൻ-അമേരിക്കൻ നടി കാതറിൻ ഒഹാര അന്തരിച്ചു. 71 വയസ്സായിരുന്നു. അസുഖത്തെത്തുടർന്ന് വെള്ളിയാഴ്‌ച ലോസ് ആഞ്ജലിസിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം.
1976-84 കാലയളവിൽ ടൊറോൻ്റോയിലെ സെക്കൻഡ് സിറ്റി ടെലിവിഷൻ സ്കെച്ച് കോമഡി സീരീസിലൂടെയാണ് കാതറിൻ അഭിനയരംഗത്തേക്കെത്തുന്നത്. എമ്മി പുരസ്‌കാര ജേതാവും കൂടിയായ കാതറിൻ ഹാസ്യവേഷങ്ങളിലൂടെ ഹോളിവുഡിൽ ശ്രദ്ധേയയായി. ‘ഹോം അലോൺ’ സിനിമയിലെ അമ്മയുടെ കഥാപാത്രവും ടിവി ഷോയായ ‘ഷിറ്റ്സ് ക്രീക്കി’ലെ വേഷവും ഏറെ ശ്രദ്ധനേടിയിരുന്നു.
1954 മാർച്ച് നാലിന് കാനഡയിലാണ് കാതറിൻ്റെ ജനനം. ആഫ്റ്റർ ഔവേഴ്സ്(1985) ഹാർട്ട്ബേൺ(1986) ബീറ്റിൽജ്യൂസ്(1988) ഹോം അലോൺ(1990) ഹോം അലോൺ 2: ലോസ്റ്റ് ഇൻ ന്യൂയോർക്ക്(1992) തുടങ്ങിയവയാണ് പ്രധാന സിനിമകൾ. മികച്ച നടിയ്ക്കുള്ള എമ്മി പുരസ്കാരവും ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും നേടിയിട്ടുണ്ട്.