നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. പുനര്‍വിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിനെതിരേയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്. എന്നാല്‍ വിചാരണ കോടതി ഈ ആവശ്യം പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല. ഇതിനെതിരേയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

16 പേരുടെ പട്ടികയില്‍ ഏഴുപേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരില്‍നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണ കോടതി നിരാകരിച്ചു. മൂന്നുപേരുടെ പുനര്‍വിസ്താരത്തിന് മാത്രമാണ് കോടതി അംഗീകാരം നല്‍കിയത്. രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി അനുമതി നല്‍കി. എന്നാല്‍ ഇത് പോരെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. പട്ടികയിലുള്ള 16 പേരുടെയും വിസ്താരം കേസില്‍ പ്രധാനപ്പെട്ടതാണെന്ന് വാദിച്ചാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി അനുവദിച്ചിരുന്നു. വിചാരണ കോടതിയുടെ ആവശ്യത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കി. മൂന്നാം തവണയാണ് കേസിന്റെ വിചാരണക്ക് സമയം നീട്ടി നല്‍കിയത്. കേസിന്റെ വിചാരണ ആഗസ്റ്റിനകം പൂര്‍ത്തിയാക്കണമെന്ന്? സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത്? സാധ്യമാവില്ലെന്നാണ് സ്‌പെഷ്യല്‍ ജഡ്ജി അറിയിച്ചിരുന്നത്. കോവിഡിെന തുടര്‍ന്ന് കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത് കോടതി നടപടികള്‍ വൈകുന്നതിന് കാരണമായെന്ന് സ്‌പെഷ്യല്‍ ജഡ്ജി സുപ്രീംകോടതിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ഇതുവരെ 179 സാക്ഷികളെ വിസ്?തരിച്ചിട്ടുണ്ട്?. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും 124 വസ്തുതകളും പരിശോധിച്ചു. സിനിമ സെലിബ്രേറ്റികള്‍ ഉള്‍പ്പടെ 43 സാക്ഷികളെക്കൂടി വിസ്തരിക്കേണ്ടതുണ്ടെന്നും സ്‌പെഷ്യല്‍ ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചിരുന്നു.