പുതിയ കേസ് കെട്ടിച്ചമച്ചതെന്ന് ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസില്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ നടന്‍ ദീലീപിന്റെ നീക്കം. ഹൈക്കോടതിയിലാണ് ദീലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അപേക്ഷയില്‍ ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കിയതിനാണ് ദിലീപടക്കം ആറുപേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കേസെടുത്തത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്കെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. ആദ്യ കേസിലെ ഉദ്യോഗസ്ഥരുടെ സത്യസന്ധതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മറക്കുന്നതിനാണ് പുതിയ കേസ് തനിക്കെതിരെ കെട്ടിച്ചമക്കുന്നതെന്നും ദിലീപ് ആരോപിക്കുന്നു. ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ പരാതിയിലാണ് ദിലീപിനെ കേസെടുത്തിരിക്കുന്നത്.

രണ്ടാംപ്രതി ദിലീപിന്റെ സഹോദരന്‍ അനൂപ്, മൂന്നാംപ്രതി സൂരജ്, നാലാംപ്രതി അപ്പു, അഞ്ചാംപ്രതി ബാബു ചെങ്ങമനാട്, ആറാംപ്രതി കണ്ടാലറിയാവുന്ന ഒരാള്‍ എന്നിങ്ങനെയാണ് പുതിയ കേസിലെ പ്രതികള്‍. ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഐ.പി.സി. 116, 118, 120 ബി, 506, 34 വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ്. ദിലീപും മറ്റു പ്രതികളുംകൂടി നടത്തിയ സംഭാഷണത്തിന്റേതെന്ന് കരുതുന്ന ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന് നിയമോപദേശം കിട്ടിയിരുന്നു. ദിലീപിനെയും മറ്റുള്ളവരെയും ഉടന്‍ ചോദ്യംചെയ്യും.