“മാനസികമായും ശാരീരികമായും പീഡിപ്പിച്ചു”; വീട്ടുജോലിക്കാരിയുടെ പരാതിയിൽ നടി ഡിംപിൾ ഹയാതിക്കും ഭർത്താവിനുമെതിരെ കേസ്

','

' ); } ?>

മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന വീട്ടുജോലിക്കാരിയുടെ പരാതിയിൽ തെലുങ്ക് നടി ഡിംപിൾ ഹയാതിക്കും ഭർത്താവിനുമെതിരെ കേസെടുത്ത് പോലീസ്. താരവും ഭർത്താവും നിരന്തരം അസഭ്യം പറയാറുണ്ടെന്നും ഭക്ഷണം പോലും തരാറില്ലെന്നുമാണ് ഒഡീഷ സ്വദേശിയായ 22 കാരിയുടെ പരാതി. ‘നിന്റെ ജീവിതത്തിന് എൻ്റെ ചെരിപ്പിൻ്റെ പോലും വിലയില്ല’ എന്ന് ഡിംപിളിന്റെ ഭർത്താവ് ഡേവിഡ് പറഞ്ഞതായും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ചേർത്താണ് ഡിംപിൾ ഹയാതിക്കും ഭർത്താവിനുമെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സെപ്റ്റംബർ 22 മുതൽ ഡിംപിളിൻ്റെ ഹൈദരാബാദിലെ ഷെയ്ക്പേട്ടിലുള്ള വെസ്‌റ്റ്‌വുഡ്‌ അപ്പാർട്ടുമെൻ്റിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി. സെപ്റ്റംബർ 29 ന് രാവിലെയാണ് സ്‌ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നത്. അന്ന്, വീട്ടിലെ നായ കുരച്ചതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഈ സമയത്ത്, ഡിംപിളും ഡേവിഡും തന്നെ അസഭ്യം പറയുകയും മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പരാതിയിൽ പറയുന്നു. ഭീഷണി മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോൾ ഡേവിഡ് തൻ്റെ ഫോൺ പിടിച്ചുപറിച്ച് നിലത്ത് എറിഞ്ഞ് തകർക്കുകയും തന്നെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തതായി പരാതിയിലുണ്ട്. ആക്രമണത്തിനിടെ വസ്ത്രങ്ങൾ കീറിയതായും യുവതി പറഞ്ഞു.

മുൻപ്, ഐപിഎസ് ഉദ്യോഗസ്‌ഥൻ്റെ കാറിന് നേരെ അതിക്രമം കാണിച്ചതിനും ഡിംപിളിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. ഐപിഎസ് ഉദ്യോഗസ്‌ഥൻ രാഹുൽ ഹെഗ്‌ഡെയുടെ ഔദ്യോഗിക വാഹനം കേടുവരുത്തിയതിനാണ് കേസ്. 2023ൽ ആയിരുന്നു സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ ഡിംപിൾ ഹയാതി മായ ‘ഗൾഫ്’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്നത്. 19-ാം വയസിൽ സിനിമയിലെത്തിയ താരം പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമയിലും തിളങ്ങി. തെലുങ്ക് ചിത്രം ‘ഖിലാഡി’, തമിഴ് ചിത്രങ്ങളായ ‘വീരമേ വാഗൈ സൂടും’, ‘ദേവി 2’, ബോളിവുഡ് ചിത്രം ‘അതംഗി രേ തു’ എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്.