
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഷംലയുടെ വിജയം കാലത്തിന്റെ കണക്കു തീര്‍ക്കലാണെന്നാണ് തുറന്നു പറഞ്ഞ് നടനും അഭിഭാഷകനുമായ സി ഷുക്കൂര്‍. മതത്തെ ആധുനിക സമൂഹം എങ്ങിനെയാണ് പരിഷ്‌കരിക്കുന്നതെന്ന് നിരന്തരം നിശ്ശബ്ദ്ധ പോരാട്ടത്തിലൂടെ തെളിയിക്കുകയാണ് കേരളത്തിലെ മുസ്ലിം സ്ത്രീകളെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഫാസ്‌ബോക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“നിലമ്പൂര്‍ ആയിഷയും സീനത്തും ഒക്കെ വഴി വെട്ടിയവരാണ്, അവരോടൊക്കെ കടുത്ത അമര്‍ഷം നിരന്തരം രേഖപെടുത്തിയിരുന്നു. മതത്തെ ആധുനിക സമൂഹം എങ്ങിനെയാണ് പരിഷ്‌കരിക്കുന്നതെന്ന് നിരന്തരം നിശ്ശബ്ദ്ധ പോരാട്ടത്തിലൂടെ തെളിയിക്കുകയാണ് കേരളത്തിലെ മുസ്ലിം സ്ത്രീകള്‍. പണ്ഡിത ഫത് വകള്‍ നിരന്തരം പുറപ്പെടുവിക്കുമ്പോഴും , സ്റ്റേജുകളിലും വേദികളിലും സദസ്സുകളിലും മത മുതലാളിമാര്‍ അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും മറ കെട്ടി തിരിക്കുകയും ചെയ്യുമ്പോഴും അതൊക്കെ പാടേ അവഗണിച്ചു, അവര്‍ അവരുടെ സര്‍ഗാത്മകതയില്‍ ആഘോഷിക്കുകയാണ്. പണ്ഡിത വേഷത്തെ നോക്കി ഉള്ളാലെ ചിരിക്കുകയാണ്. കാലം എന്തു ഭംഗിയിലാണ് ചരിത്രത്തെ രൂപപ്പെടുത്തുന്നത്. ഷംല അത്രമേല്‍ അടയാളപെടുത്തപ്പെടണം.” സി ഷുക്കൂര്‍ കുറിച്ചു.
ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത് ഷംല ഹംസയാണ്. സിനിമാലോകത്ത് ഏറെക്കുറെ തുടക്കക്കാരിയായ ഷംല ഐഎഫ്എഫ്‌കെയിലടക്കം മികച്ച പ്രതികരണം നേടിയ ഫെമിനിച്ചി ഫാത്തിമയിലൂടെയാണ് മികച്ച നടിയായിരിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച വിജയം അതും മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിക്കൊപ്പമാണെന്നും ശ്രദ്ധേയമാണ്.