
സു ശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണമുന്നയിച്ച് രംഗത്തു വന്നിരിക്കയാണ് ദബാങ്ങിന്റെ സംവിധായകന്‍ അഭിനവ് കശ്യപ്. സല്‍മാനും കുടുംബവുമാണ് തന്റെ കരിയര്‍ തകര്‍ത്തത് എന്നാണ് സംവിധായകന്റെ ആരോപണം. കശ്യപിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ആരോപണം.
2010ലാണ് ദബാങ് പുറത്തിറങ്ങിയത്. സല്‍മാനും സഹോദരന്‍മാരായ അര്‍ബാസും സൊഹെയ്‌ലും പിതാവ് സലിം ഖാനും ചേര്‍ന്ന് തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അവരിപ്പോള്‍ തന്റെ ശത്രുക്കളാണെന്നുമാണ് അഭിനവ് ആരോപിക്കുന്നത്. 2013ല്‍ രണ്‍ബീര്‍ കപൂര്‍ നായകനായ ബേശരം എന്ന ചിത്രത്തിന്റെ റിലീസ് തടയാനും സല്‍മാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അഭിനവ് ആരോപിക്കുന്നു.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് അഭിനവ്. മാനേജ്‌മെന്റ് ഏജന്‍സികള്‍ക്ക് ഇത്തരംമരണങ്ങളില്‍ കൃത്യമായ പങ്കുണ്ട്. ദബാങ്ങിനു ശേഷം മറ്റൊരു സിനിമ ചെയ്യാനൊരുങ്ങിയപ്പോള്‍ തനിക്ക് സല്‍മാന്റെ കുടുംബത്തില്‍ നിന്നും എതിര്‍പ്പുകളും പീഡനങ്ങളും നേരിടേണ്ടി വന്നു. ശ്രീ അഷ്ടവിനായക് ഫിലിംസുമായി ചേര്‍ന്നാണ് രണ്ടാമത്തെ ചിത്രം തീരുമാനിച്ചിരുന്നത്. ഞാനുമായി ചേര്‍ന്ന് സിനിമയെടുക്കരുതെന്ന് പ്രൊഡക്ഷന്‍ കമ്പനിയുടെ തലവനെ വരെ അവര്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഒടുവില്‍ അവരില്‍ നിന്നും അഡ്വാന്‍സ് തുക തിരിച്ചുവാങ്ങി വയാകോം പിക്‌ചേഴ്‌സുമായി സഹകരിക്കേണ്ടി വന്നു. തുടര്‍ന്നും സല്‍മാന്‍ കുടുംബത്തില്‍ നിന്നും നിരന്തരം പീഡനങ്ങള്‍ നേരിട്ടു. ഒടുവില്‍ റിലയന്‍സ് ഗ്രൂപ്പുമായി ഒന്നിച്ച് ബേശരം എന്ന ചിത്രം സംവിധാനം ചെയ്തപ്പോള്‍ ചിത്രത്തിനെതിരെ മോശം പ്രചാരണങ്ങളുമായും അവര്‍ രംഗത്തു വന്നു. വിതരണക്കാരെയും ഭയപ്പെടുത്തി. ഈ പ്രതിസന്ധികള്‍ക്കിടയിലും ചിത്രം തീയേറ്റര്‍ വിടുംമുമ്പ് 58 കോടി കളക്ഷന്‍ നേടിയിരുന്നു. ഒടുവില്‍ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വില്‍ക്കാന്‍ ശ്രമിച്ചപ്പോഴും സല്‍മാന്റെ ഇടപെടലുകളുണ്ടായി.
മീ ടൂ, ബോയ്‌കോട്ട് സല്‍മാന്‍ ഖാന്‍ എന്നീ ഹാഷ് ടാഗുകളോടെയാണ് പോസ്റ്റ്.
‘എന്റെ നേര്‍ക്കുള്ള ഭീഷണിസ്വരങ്ങള്‍ക്കു പുറമേ എന്റെ കുടുംബത്തിനെതിരെയും പീഡന ഭീഷണികളുമായി അവര്‍ നിരന്തരം ഉപദ്രവിച്ചു. അവരുടെ പീഡനങ്ങള്‍ എന്റെ ദാമ്പത്യജീവിതവും തകര്‍ത്തു. തുടര്‍ന്ന് 2017ല്‍ അവര്‍ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. സല്‍മാന്‍ ഖാന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാത്തതിനാലാണ് അവര്‍ എനിക്കെതിരെ അവരുടെ പണവും അധോലോകമടക്കമുള്ള സ്വാധീനവും എല്ലാം ഉപയോഗിച്ച് കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്നത്. ഇതൊന്നും കണ്ട് ഞാന്‍ മുട്ടുമടക്കില്ല. സഹിക്കാനും കഴിയില്ല. ഇതിനൊരു അവസാനം കാണും വരെ ഞാന്‍ പോരാടും’. നിരവധി പേരാണ് അഭിനവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.