‘രണ്ടും കൂടി പറ്റില്ല”; വി എസിന്റെ ഒറ്റവാക്കിൽ മമ്മൂട്ടി ഒഴിവാക്കിയത് കോടികൾ

','

' ); } ?>

സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ഇടപെടൽ മൂലം നടൻ മമ്മൂട്ടി
എടുത്ത നിർണായകമായ തീരുമാനം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പാലക്കാട് പ്ലാച്ചിമടയിലെ കൊക്കക്കോള ബോട്ട്ലിംഗ് പ്ലാന്റിനെതിരെ നടന്ന സമരത്തിന്‍റെ പശ്ചാത്തലത്തില്‍ വി.എസ്. അച്യുതാനന്ദന്‍റെ പ്രതിഷേധവാക്കുകള്‍ ഉയര്‍ന്നതോടെയാണ് കൊക്കക്കോളയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ നിന്ന് നടൻ മമ്മൂട്ടി പിന്മാറിയതെന്നാണ് വാർത്തകൾ.

അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്, പ്ലാച്ചിമട സമരമുഖത്ത് നേരിട്ട് എത്തിയിരുന്നു. അതേ സമയത്താണ് മമ്മൂട്ടിയെ കൊക്കക്കോളയുടെ ബ്രാന്‍ഡ് അംബാസഡറായി കമ്പനി തെരഞ്ഞെടുത്തത്. രണ്ട് കോടി രൂപയുടെ കരാറായിരുന്നു. മമ്മൂട്ടിയ്ക്ക് അതുവരെ ലഭിച്ച പരസ്യനിലവാരങ്ങളിൽ ഏറ്റവും വലിയ ഓഫറായിരുന്നു അത്.

മമ്മൂട്ടി അന്ന് കൈരളി ചാനലിന്റെ ചെയര്‍മാനും കൂടിയായിരുന്നു. എന്നാൽ ഈ തീരുമാനത്തിനെതിരെ ശക്തമായ വിമർശനമാണ് വിഎസ് ഉന്നയിച്ചത്. “രണ്ടും കൂടി പറ്റില്ല. ഒന്നുകിൽ മമ്മൂട്ടിക്ക് കൈരളിയുടെ ചെയർമാനായി തുടരാം, അല്ലെങ്കിൽ കൊക്കകോളയുടെ അംബാസഡറാകാം,” എന്നായിരുന്നു അദ്ദേഹത്തിന്റെ കനത്ത വിമർശനം. അടുത്ത ദിവസം തന്നെ മമ്മൂട്ടി കൊക്കക്കോളയുടെ ബ്രാൻഡ് അംബാസഡറാകാനുള്ള തീരുമാനം പിന്‍വലിച്ചു. പിൻവാങ്ങൽ പുറമേ പറഞ്ഞിരുന്നില്ലെങ്കിലും, വിഎസിന്റെ പരസ്യപ്രഖ്യാപനം കൊണ്ടായിരുന്നു പിന്‍മാറ്റമെന്ന് രാഷ്ട്രീയവിശകലകർ വിലയിരുത്തുന്നു. പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപരിസരങ്ങളിലും മാധ്യമപ്രവർത്തകരിലും വലിയ പ്രഭാവം സൃഷ്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു ഇത്.