ടിക്കറ്റ് ബുക്ക് ചെയ്ത സിനിമയുടെ ഷോ റദ്ദാക്കിയത് അറിയിച്ചില്ല; ബുക്ക് മൈ ഷോ 12,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

','

' ); } ?>

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിലൂടെ ബുക്ക് ചെയ്ത സിനിമയുടെ ഷോ റദ്ദാക്കിയ വിവരം ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാതിരുന്നതിന് പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ‘ബുക്ക് മൈ ഷോ’12,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ കമ്മിഷന്റേതാണ് ഈ സുപ്രധാന വിധി. ഹൈദരാബാദിലെ കുക്കട്പള്ളി സ്വദേശിയായ നാരായണൻ കുട്ടിഗോപാൽ കൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി.

തുക മടക്കിനൽകിയതു കൊണ്ടുമാത്രം ഉപഭോക്താവിന് നേരിട്ട സമയനഷ്ടത്തിനും മാനസിക ബുദ്ധിമുട്ടുകൾക്കും പകരമാവില്ലെന്ന് നിരീക്ഷിച്ചാണ് കമ്മിഷൻ പിഴ ചുമത്തിയത്. നഷ്ടപരിഹാരമായി വിധിച്ച 12,000 രൂപയിൽ 10,000 രൂപ ഉപഭോക്താവിന് നേരിടേണ്ടി വന്ന അസൗകര്യങ്ങൾക്കും, 2,000 രൂപ കോടതി വ്യവഹാരങ്ങൾക്കുണ്ടായ ചെലവിലേക്കുമാണ്. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അതിന്റെ റദ്ദാക്കലോ സമയമാറ്റമോ കൃത്യമായി ഉപഭോക്താവിനെ അറിയിക്കേണ്ടത് സേവനദാതാക്കളുടെ ഉത്തരവാദിത്തമാണെന്ന് ഉപഭോക്തൃ കമ്മിഷൻ വ്യക്തമാക്കി.

മോഹൻലാൽ സംവിധാനം ചെയ്ത് അഭിനയിച്ച ‘ബറോസ്’ എന്ന ചിത്രത്തിന്റെ ടിക്കറ്റാണ് നാരായണൻ ബുക്ക് മൈ ഷോയിലൂടെ വാങ്ങിയത്. 2025 ജനുവരി 1-ന് പുതുവത്സര ദിനത്തിൽ രാവിലെ 10.50-ന് കുക്കട്പള്ളിയിലുള്ള ഹൈദരാബാദ് ലുലു മാളിലെ ‘സിനിപൊളിസ്’ മൾട്ടിപ്ലെക്സിലായിരുന്നു ഷോ. എന്നാൽ കുടുംബസമേതം തീയറ്ററിൽ എത്തിയപ്പോഴാണ് ഷോ റദ്ദാക്കിയ വിവരവും പകരം മറ്റൊരു സിനിമയാണ് അവിടെ പ്രദർശിപ്പിക്കുന്നതെന്നും ഇദ്ദേഹം അറിയുന്നത്.

ഷോ ക്യാൻസൽ ചെയ്ത വിവരം ബുക്ക് മൈ ഷോയോ തീയറ്റർ മാനേജ്‌മെന്റോ തങ്ങളെ മുൻകൂട്ടി അറിയിച്ചില്ലെന്നും, ഇത് തന്റെ പുതുവത്സര പ്ലാനുകളെ അപ്പാടെ അലങ്കോലപ്പെടുത്തുകയും വലിയ രീതിയിലുള്ള അനാവശ്യ അസൗകര്യങ്ങൾ ഉണ്ടാക്കുകയും ചെയ്തെന്നു കാട്ടിയാണ് നാരായണൻ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

തങ്ങൾ പ്രേക്ഷകരെയും തീയറ്റർ ഓപ്പറേറ്റർമാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനിലക്കാർ മാത്രമാണെന്നായിരുന്നു ബുക്ക് മൈ ഷോ കമ്മിഷനിൽ സ്വീകരിച്ച നിലപാട്. സിനിമകളുടെ പ്രദർശന സമയവും റദ്ദാക്കലുകളും നിശ്ചയിക്കുന്നത് തീയറ്റർ മാനേജ്‌മെന്റാണെന്നും, ഷോ റദ്ദാക്കപ്പെട്ടതിന്റെ തൊട്ടുപിറ്റേന്ന് തന്നെ ടിക്കറ്റ് തുകയായ 207.14 രൂപ ഉപഭോക്താവിന് മടക്കി നൽകിയിട്ടുണ്ടെന്നും അവർ കോടതിയിൽ വാദിച്ചെങ്കിലും കമ്മിഷൻ ഈ വാദങ്ങൾ തള്ളുകയായിരുന്നു.