മലയാള സിനിമയെ പ്രശംസിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ, നന്ദി പറഞ്ഞ മോഹൻലാൽ

','

' ); } ?>

മലയാള സിനിമയെ പ്രശംസിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ ‘ബൗദ്ധിക ആത്മാവ്’ എന്നാണ് അക്ഷയ് കുമാർ വിശേഷിപ്പിച്ചത് . മുംബൈയില്‍ കേന്ദ്രസര്‍ക്കാറിന്റെ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റില്‍ (വേവ്‌സ്) താരത്തിന്റെ വാക്കുകൾ . നടന്റെ വാക്കുകൾക്ക് സംവാദത്തിൽ പങ്കെടുത്ത മോഹൻലാൽ നന്ദി പറയുകയും ചെയ്തു. അക്ഷയ് കുമാർ മോഡറേറ്ററായ സംവാദത്തിൽ തെലുങ്ക് താരം ചിരഞ്ജീവി, നടിയും എംപിയുമായ ഹേമാ മാലിനി എന്നിവരും പങ്കെടുത്തിരുന്നു.

‘ഇന്ത്യൻ സിനിമയുടെ ബൗദ്ധിക ആത്മാവ് എന്നാണ് മലയാള സിനിമയെ വിളിക്കുന്നത്. എന്നാൽ എപ്പോഴെങ്കിലും കലാമൂല്യമുള്ള സിനിമകളും എന്റർടെയ്നർ സിനിമകളും തമ്മിൽ തിരഞ്ഞെടുക്കേണ്ടി വന്നിട്ടുണ്ടോ?,’ എന്നായിരുന്നു മോഹൻലാലിനോടുള്ള അക്ഷയ് കുമാറിന്റെ ചോദ്യം

‘മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ ബൗദ്ധിക ആത്മാവ് എന്ന് വിളിച്ചതിന് നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ തന്റെ മറുപടി ആരംഭിച്ചത്. നിരവധി മികച്ച സംവിധായകരുടെ കൂടെ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അക്കാലത്ത് അവർ ഞങ്ങളെ ആർട്ട് ഫിലിമുകൾ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ അന്നത്തെ ആർട്ട് ഫിലിമുകൾക്ക് പോലും വിനോദ മൂല്യമുണ്ടായിരുന്നു. എന്റർടെയ്‌നർ സിനിമകൾ എന്ന് വിളിച്ചവയ്ക്ക് കലാമൂല്യവും,’ മോഹൻലാൽ പറഞ്ഞു.

‘മലയാള സിനിമ എന്നും ഉള്ളടക്കത്തിന്റെ കാര്യത്തിൽ സമ്പന്നമാണ്. എനിക്ക് കൊമേഴ്സ്യൽ-ആർട്ട് സിനിമകൾ എന്ന് വേർതിരിച്ച് കാണാൻ കഴിയില്ല. സിനിമ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. പുതിയ സംവിധായകരുടെ വരവോടെ സിനിമകളുടെ ഉള്ളടക്കം കൂടുതൽ ബലപ്പെട്ടു,’ എന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു.

മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം ‘തുടരും’ ഇപ്പോഴും മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ദിവസങ്ങൾക്കുള്ളിലാണ് നൂറു കോടി ക്ലബ്ബിൽ കയറിയത്. രു മാസത്തിനുള്ളിൽ 100 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രം കൂടിയാണിത്. നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രവും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. പുലിമുരുകൻ, ലൂസിഫർ, എന്നീ മോഹൻലാൽ ചിത്രങ്ങളും 100 കോടി ക്ലബിൽ കയറിയിരുന്നു. ഇതോടെ നാല് 100 കോടി സിനിമകൾ സ്വന്തമായുള്ള ഏക മലയാളം നായകനുമായി മാറിയിരിക്കുകയാണ് മോഹൻലാൽ.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

അക്ഷയ് കുമാറിന്റേതായി അവസാനമിറങ്ങിയത് കേസരി ചാപ്റ്റർ ടു ആണ്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തിയിരുന്നത് . മാധവനും അനന്യ പാണ്ഡെയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു . തിയേറ്ററുകളിൽ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചത് .

ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. 149.99K ടിക്കറ്റുകളാണ് കേസരി 2 ആദ്യ 24 മണിക്കൂറിൽ വിറ്റഴിച്ചത്. ഇത് അക്ഷയ് കുമാറിന്റെ മുൻ ചിത്രമായ സ്കൈ ഫോഴ്സിനെക്കാൾ കൂടുതലാണ്. ഇതോടെ ആദ്യദിനം കേസരി 2 അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി, വിജയ്‌യുടെ റീ റിലീസ് ചിത്രമായ സച്ചിൻ, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളെ മറികടന്നു. ചിത്രത്തിലെ മാധവന്റെയും അനന്യ പാണ്ഡ്യയുടെ പെർഫോമൻസുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്. ധർമ്മ പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരൺ സിംഗ് ത്യാഗിയാണ്.

1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്സേന, കരൺ സിംഗ് ത്യാഗി ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിച്ചത്.