
പുകയില പരസ്യത്തിനായി വാഗ്ദാനം ചെയ്ത 40 കോടി നിരസിച്ചെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടൻ സുനിൽ ഷെട്ടി. പുകയില ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്തം ശരീരത്തോടും മനസാക്ഷിയോടുമുള്ള അനീതിയാണെന്നും, പുകയില പരസ്യങ്ങൾ സ്വീകരിക്കാത്തതിന് കാരണം തന്റെ കുടുംബത്തോടുള്ള ഉത്തരവാദിത്വമാണെന്നും സുനിൽ ഷെട്ടി പറഞ്ഞു. ഹിന്ദി പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.
“സിനിമയിലെത്താൻ കാരണം എൻ്റെ ആരോഗ്യമാണ്. ശരീരത്തെ ആരാധനാലയമായാണ് കാണുന്നത്. പുകയില ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്തം ശരീരത്തോടും മനസാക്ഷിയോടുമുള്ള അനീതിയാണ്. ബോക്സ് ഓഫീസ് റെക്കോർഡിന്റെ കാര്യത്തിൽ താൻ പ്രസക്തനല്ല. എന്നാൽ 17 മുതൽ 20 വരെ പ്രായമുള്ള യുവാക്കൾ നൽകുന്ന സ്നേഹവും ബഹുമാനവും ഏറെയാണ്’. സുനിൽ ഷെട്ടി പറഞ്ഞു.
“പുകയില പരസ്യങ്ങൾ സ്വീകരിക്കാത്തതിന് കാരണം തന്റെ കുടുംബത്തോടുള്ള ഉത്തരവാദിത്വമാണ്. നാൽപത് കോടി വാഗ്ദാനം ചെയ്തതപ്പോൾ അവരോട് ഞാൻ ചോദിച്ചു ഞാനിതിൽ വീണുപോകുമെന്ന് കരുതുന്നുണ്ടോ എന്ന്. പണം ആവശ്യമാണെങ്കിൽ പോലും ഞാൻ അത് ചെയ്യില്ല. എന്റെ മക്കൾക്കും അത് കളങ്കമേൽപ്പിക്കുമെന്നും.” സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു.
പുകയില ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിച്ചതിന് ഷാരൂഖ് ഖാനും അക്ഷയ്കുമാറും, അജയ്ദേവ്ഗണും എല്ലാം വിമർശനം നേരിട്ടിരുന്നു. പിന്നീട് അക്ഷയ് കുമാർ മാപ്പ് പറഞ്ഞിരുന്നുവെങ്കിലും അജയ് ദേവ്ഗൺ അതിന് തയ്യാറായിട്ടില്ല. ഇടവേളയ്ക്ക് ശേഷം ബോളിവുഡിൽ സജീവമാകുകയാണ് സുനിൽ ഷെട്ടി, അക്ഷയ് കുമാറിനൊപ്പം ‘വെൽകം ടു ദി ജംഗിൾ’, പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഹേരാ ഫേരി 3’ എന്നിവയാണ് സുനിൽ ഷെട്ടിയുടെ പ്രധാന ചിത്രങ്ങൾ.