
ഗോഡ്ഫാദര്‍മാരില്ലാതെ ബോളിവുഡില്‍ മേല്‍വിലാസം സൃഷ്ടിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. 53 വയസ്സായിരുന്നു. താരപരിവേഷം അണിയാതെ ഹിന്ദി സിനിമയിലെ നവതരംഗ സിനിമകളുടെ പ്രതീകമായി മാറിയ. നടനെയാണ് നഷ്ടമാകുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. പാന്‍ സിംഗ് തോമര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ ഇര്‍ഫാനെ തേടിയെത്തി. 2011 ല്‍ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. ഇന്ത്യന്‍ സിനിമയുടെ അന്താരാഷ്ട്ര മുഖമായിരുന്ന ഇര്‍ഫാന്‍, ഹോളിവുഡില്‍ സ്ലം ഡോഗ് മില്യണയര്‍, അമൈസിംങ് സ്‌പൈഡര്‍മാന്‍, ദ നെയിം സേക്ക്, ന്യൂയോര്‍ക്ക് ഐ ലവ്യൂ, ജുറാസിക് വേള്‍ഡ്, ഇന്‍ഫേര്‍നോ, ലൈഫ് ഓഫ് പൈ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. അമ്മ സെയ്ദാ ബീഗം (95) അന്തരിച്ച് നാല് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇര്‍ഫാനും മരണത്തോട് കീഴടങ്ങിയിരിക്കുന്നത്. ടോങ്കിലെ നവാബ് കുടുംബാംഗമാണ് കവയിത്രി കൂടിയായിരുന്ന സെയ്ദാ ബീഗം, ജയ്പൂരിലെ ബെനിവാള്‍ കാന്ത കൃഷ്ണ കോളനിയിലായിരുന്നു താമസം. ലോക്ക് ഡൗണ്‍ കാരണം ഇര്‍ഫാന് അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായിരുന്നില്ല.
രാജസ്ഥനിലെ ബീഗം ഖാന്‍-ജഗീദര്‍ ഖാന്‍ ദമ്പതികളുടെ മകനായി 1966 ലാണ് ഇര്‍ഫാന്‍ ഖാന്‍ ജനിച്ചത്. കുട്ടിക്കാലത്ത് ക്രിക്കറ്റില്‍ തല്‍പ്പരനായിരുന്നു. പിന്നീട് ഇഷ്ടം സിനിമയോടായി. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം നാഷ്ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. സാലാം ബോംബൈ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഭാര്യ; സുതപ സികാര്‍, മക്കള്‍; ബബില്‍, ആര്യന്‍, സഹോദരങ്ങള്‍; സല്‍മാന്‍, ഇമ്രാന്‍ .
2003 ല്‍ പുറത്തിറങ്ങിയ ഹാസില്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് ഇര്‍ഫാന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. മക്ബൂല്‍, ലൈഫ് ഇന്‍ എ മെട്രോ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധ നേടുകയും ഇര്‍ഫാന്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാകുകയും ചെയ്തു. സൂപ്പര്‍താര പരിവേഷത്തില്‍ താല്‍പര്യമില്ലാത്ത ഇര്‍ഫാന്‍ സമാന്തര സിനിമകളിലും കച്ചവട സിനിമകളിലും ഒരുപോലെ വേഷമിട്ടു. ദ ലഞ്ച് ബോക്‌സ്, പാന്‍ സിങ് തോമര്‍, തല്‍വാര്‍, ഹിന്ദി മീഡിയം, ഫേവറേറ്റ്, ദ ഡേ, മുംബൈ മേരി ജാന്‍, കര്‍വാന്‍, മഡാരി, ലൈഫ് ഇന്‍ എ മെട്രോ, പീകു, ബ്ലാക്ക് മെയില്‍, ഹൈദര്‍, യേ സാലി സിന്ദഗി, ഖരീബ് ഖരീബ് സിംഗിള്‍, ദ വാരിയര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍. ചലച്ചിത്ര നിരൂപകരും സമകാലികരും മറ്റ് വിദഗ്ധരുമുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി ഇര്‍ഫാന്‍ ഖാനെ കണക്കാക്കുന്നു