
വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബോളിവുഡ് നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലാണ് താരം.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശപ്രകാരം ഗോവിന്ദയ്ക്ക് ആവശ്യമായ മരുന്നുകൾ നൽകിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ലളിത് ബിൻഡാലിനെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താരത്തെ നിരവധി പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നടന്റെ നിലവിലെ അവസ്ഥ സ്ഥിരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ പരിചരണത്തിനായി മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി ഡോക്ടർമാർ ഇപ്പോൾ ന്യൂറോളജിക്കൽ കൺസൾട്ടേഷനുകളുടെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം കൂടുതൽ സങ്കീർണതകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗോവിന്ദയുടെ കാലിന് വെടിയേറ്റ് പരിക്കേറ്റ ഒരു സംഭവത്തിന് ഒരു വർഷത്തിന് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടൻ തന്റെ ലൈസൻസുള്ള റിവോൾവർ കൈകാര്യം ചെയ്യുന്നതിനിടെയായിരുന്നു ആ അപകടം.