
തെലുങ്ക് നടനും ആന്ധ്രാപ്രദേശിന്റെ ഉപ മുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ വാൾ കൊണ്ടുള്ള പ്രകടനത്തിനിടെ പരിക്കുകളില്ലാതെ രക്ഷപെട്ട് ബോഡിഗാർഡ്. നടന്റെ പുതിയ ചിത്രം ‘ഒജി’യുടെ പ്രമോഷൻ പരിപാടിക്കിടെയാണ് സംഭവം. സംഭവത്തിൻ്റെ ഞെട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
താരം വാൾ പിന്നിലേക്ക് കറക്കിയപ്പോൾ ഏതാനും ഇഞ്ചുകളുടെ വ്യത്യാസത്തിൽ വാൾത്തലപ്പ് ബോഡിഗാർഡിൻ്റെ മുഖത്തുകൊള്ളാതെ മാറുകയായിരുന്നു. മുകളിലേക്ക് ഉയരുന്ന പ്രത്യേക പ്ലാറ്റ്ഫോമിലൂടെയാണ് പവൻ കല്യാൺ സ്റ്റേജിലെത്തിയത്. മുന്നിലേക്ക് നടക്കുന്നതിനിടെ താരം വലിയൊരു വാളും കയ്യിലെടുത്തു. സ്‌റ്റേജിൻ്റെ ഒരു വശത്തേക്ക് നടന്ന പവൻ കല്യാൺ മുന്നിലുള്ള ആളുകളോട് മാറി നിൽക്കാൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. തുടർന്ന് വാൾ ആൾക്കൂട്ടത്തിലേക്ക് പൊക്കിക്കാണിച്ച ശേഷം തിരിഞ്ഞുനടന്നു. ബോഡി ഗാർഡുമാരിൽ ഒരാൾ അദ്ദേഹത്തിന്റെ തൊട്ടുപിന്നിലായി നടക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് പവൻ കല്യാണ് വാൾ പിന്നിലേക്ക് കറക്കിയത്. വാൾതലപ്പ് ബോഡി ഗാർഡിന്റെ മുഖത്തിന് തൊട്ടടുത്തുകൂടെ പോയി. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വാൾത്തലപ്പ് മുഖത്ത് കൊള്ളാതെ മാറിയത്. അപ്രതീക്ഷിതമായി മുഖത്തിന് നേരെ വാൾ ഉയരുന്നതു കണ്ട് ബോഡിഗാർഡ് ഞെട്ടിത്തരിക്കുന്നതും വിഡിയോയിൽ കാണാം.
വീഡിയോ വൈറലായതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് താരത്തിനെതിരെ വരുന്നത്. ഇത്തരം അപകടകരമായ അഭ്യാസങ്ങള്‍ എന്തിനാണ് ചെയ്യുന്നതെന്നും, ഭാഗ്യം കൊണ്ടുമാത്രമാണ് ബോഡിഗാർഡ് പരിക്കേൽക്കാതെ രക്ഷപെട്ടതെന്നും സമൂഹമാധ്യമങ്ങളിൽ ചോദ്യം ഉയരുന്നുണ്ട്. പവന്‍ കല്യാണ്‍ നടന്‍ മാത്രമല്ല, ഉത്തരവാദിത്തപ്പെട്ട മന്ത്രിയും രാഷ്ട്രീയ നേതാവുമാണെന്ന് ഓര്‍ക്കണമെന്നും ചിലര്‍ കമന്‍റ് ചെയ്തു.