ആവിഷ്കാര സ്വാതന്ത്ര്യം വാഴ്ക, മാധ്യമ സ്വാതന്ത്ര്യം വാഴ്ക…

','

' ); } ?>

രാഷ്ട്രീയം പറയുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ സംസാരിക്കുന്ന സിനിമകള്‍ മലയാളത്തില്‍ ചെയ്യാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംവിധായകന്‍ ഡോ ബിജു.അഥവാ അങ്ങനെ എന്തെങ്കിലും സിനിമകള്‍ ചെയ്യണം എന്ന തോന്നല്‍ ഉണ്ടായാല്‍ മറ്റു ഭാഷയില്‍ ഏതിലെങ്കിലും ചെയ്യാന്‍ ശ്രമിക്കാം .
ലോകത്തെ ഒരു ഭാഷയിലുള്ള രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളും ഇനി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല . സിനിമ കാണുന്ന ആര്‍ക്കും നിങ്ങള്‍ക്കെതിരെ കേസ് കൊടുക്കാമെന്നും അദ്ദേഹം പറയുന്നു.കേരളത്തില്‍ പോലീസ് ആക്റ്റിലെ 118 (എ) ഭേദഗതി ചെയ്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,

സൈറ സിനിമയിൽ സ്വാമി തപതീർത്ഥാനന്ദ എന്ന കഥാപാത്രം ഒരു ക്രിമിനൽ ആണെന്ന് സംഭാഷണ മദ്ധ്യേ പറയുന്നുണ്ട് . ഖാസിം അബ്ബാസ് എന്ന കഥാപാത്രം ഒരു തീവ്രവാദി ആണെന്ന് പറയുന്നുണ്ട് . പോലീസ് മാധ്യമ സ്വാതന്ത്ര്യത്തെ വേട്ടയാടുന്നു എന്ന് പലതവണ സിനിമയിൽ പറയുന്നുണ്ട് . സ്വാമിമാർ ക്രിമിനൽ ആണെന്നതിനു തെളിവെന്ത് , ഒരു ഇസ്‌ലാമിനെ തീവ്രവാദി എന്നാക്ഷേപിച്ചു , പോലീസിന് മേൽ തെളിവില്ലാതെ ആരോപണം നടത്തി എന്നൊക്കെ കേസെടുക്കാൻ വകുപ്പുണ്ട് ..
രാമൻ സിനിമയിൽ ജോർജ് ബുഷിനെ നിശിതമായി വിമർശിക്കുന്നുണ്ട് . സിനിമ കാണുന്ന ഏതൊരാൾക്കും ജോർജ് ബുഷിനെ അപമാനിച്ചു എന്നാരോപിച്ചു കേസ് കൊടുക്കാം .
പേരറിയാത്തവരിൽ റോഡ് വികസനത്തിന് വേണ്ടി ഒരു ചേരി പ്രദേശത്തെ വീടുകൾ ഇടിച്ചു നിരത്തി ഒഴിപ്പിക്കാൻ പോലീസും ജില്ലാ ഭരണകൂടവും എത്തുന്ന സീൻ ഉണ്ട് . വീട് പൊളിക്കുന്ന ഉദ്യോഗസ്ഥരോട് അലക്കു തൊഴിലാളി ആയ ഒരു സ്ത്രീ പോടാ നായിന്റെ മോനെ എന്ന് പറയുന്നുണ്ട് . ഉത്തരവാദിത്തത്തോടെ ജോലി ചെയ്യാൻ എത്തിയ (അതായത്കോളനി നിവാസികളുടെ വീട് ഇടിച്ചു പൊളിക്കുക എന്ന ജോലി ) ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണ് അത് എന്ന് പറഞ്ഞു സെൻസർ ബോർഡ് നായിന്റെ എന്ന വാക്ക് മ്യൂട്ട് ചെയ്യാൻ പറഞ്ഞിരുന്നു . ഇനിയിപ്പോൾ ഉദ്യോഗസ്ഥരെ അപമാനിച്ചു എന്ന് പറഞ്ഞു കേസ് എടുക്കാനും തടസ്സമില്ലല്ലോ . പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പോലീസ് തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്ന സീനും പേരറിയാത്തവരിൽ ഉണ്ട് . അതും കേസിനുള്ള വകുപ്പ് ആകും .
വലിയ ചിറകുള്ള പക്ഷികളിൽ ഭരണകൂടത്തെയും ഇൻഡ്യാ ഗവണ്മെന്റിന്റെ ചില നയങ്ങളെയും വിമർശിക്കുന്നുണ്ട് . തെളിവില്ലാതെ സർക്കാരിനെ വിമർശിച്ചു എന്ന് പറഞ്ഞു സിനിമ കാണുന്ന ആർക്കും കേസ് കൊടുക്കാൻ വകുപ്പുണ്ട് .
കാട് പൂക്കുന്ന നേരം സിനിമ മറന്നേക്ക് … അങ്ങനെ ഒരു സിനിമ ഇനി ഒരിക്കലും നിർമിക്കാൻ സാധിക്കില്ല . സർക്കാരിനെയും പോലീസിനെയും അടിമുടി വിമർശിക്കുന്ന സിനിമ ആണത് . മാവോയിസ്റ്റ് പേര് പറഞ്ഞുള്ള വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെയും UAPA ചുമത്തിയുള്ള അറസ്റ്റുകളെയും പരാമർശിക്കുന്ന സിനിമ . സിനിമ കാണുന്ന ആർക്കും അല്ലെങ്കിൽ സർക്കാരിന് സ്വയമോ പൊലീസിന് നേരിട്ടോ കേസെടുക്കാൻ ആവോളം സാധ്യമാകുന്ന സിനിമ . നിലവിലെ പോലീസ് രാജ് ആക്റ്റ് പ്രകാരം ഇനി ഒരിക്കലും അത്തരം ഒരു സിനിമയെപ്പറ്റി ചിന്തിക്കാൻ പോലും ആകില്ല .വെയിൽമരങ്ങൾ സിനിമയിൽ പോലീസ് അട്രോസിറ്റിയും ജാതി വിവേചനവും പ്രമേയമാക്കിയതും ഇനിയുള്ള കാലത്ത് സാധ്യമാകില്ല …….
ഏതായാലും കേരളത്തിലെ പുതിയ പോലീസ് ആക്റ്റിനു മുൻകാല പ്രാബല്യം ഇല്ലാത്തത് നന്നായി . അല്ലെങ്കിൽ മേല്പറഞ്ഞ സിനിമകൾ ചെയ്തതിന്റെ പേരിൽ അകത്തായിപ്പോയേനെ .കുടുംബം പട്ടിണി ആയി പോയേനെ .. ഏതായാലും ഇനി ശ്രദ്ധിച്ചുകൊള്ളാം . രാഷ്ട്രീയം പറയുന്ന സാമൂഹ്യ പ്രശ്നങ്ങൾ സംസാരിക്കുന്ന സിനിമകൾ ചെയ്യാതെ ശ്രദ്ധിക്കാം . അഥവാ അങ്ങനെ എന്തെങ്കിലും സിനിമകൾ ചെയ്യണം എന്ന തോന്നൽ ഉണ്ടായാൽ മറ്റു ഭാഷയിൽ ഏതിലെങ്കിലും ചെയ്യാൻ ശ്രമിക്കാം .. മലയാളത്തിൽ ഇനി അത്തരം രാഷ്ട്രീയ സാമൂഹ്യ വിമർശനങ്ങൾ സാധ്യമല്ലല്ലോ . സിനിമ കാണുന്ന ആരെങ്കിലുമോ അല്ലെങ്കിൽ വെറുതെ കേട്ടറിഞ്ഞ ഒരാൾക്കോ കേസ് കൊടുത്തു സംവിധായകനെയും നിർമാതാവിനെയും അകത്തിടാൻ പുതിയ പോലീസ് നിയമ പ്രകാരം വളരെ എളുപ്പമാണല്ലോ …അതുകൊണ്ടു മേലാൽ ഇതേപോലെയുള്ള പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ മലയാളത്തിൽ ചെയ്യാതിരിക്കാൻ അതീവ ജാഗ്രത പുലർത്താം എന്ന് ബഹുമാനപുരസ്സരം അറിയിച്ചു കൊള്ളുന്നു…ഒപ്പ് …..
എൻ.ബി. – സംവിധായകരും നിർമാതാക്കളും മാത്രമല്ല ശ്രദ്ധിക്കേണ്ടത് . ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളും ഒന്ന് പേടിക്കുന്നത് നല്ലതാ . ലോകത്തെ ഒരു ഭാഷയിലുള്ള രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളും ഇനി കേരളത്തിൽ പ്രദർശിപ്പിക്കാൻ സാധിക്കില്ല . സിനിമ കാണുന്ന ആർക്കും നിങ്ങൾക്കെതിരെ കേസ് കൊടുക്കാം …അപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം വാഴ്ക,, മാധ്യമ സ്വാതന്ത്ര്യം വാഴ്ക.. .