നടന്‍ ബിജു മേനോന്‍ നായകനാവുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു.’ഒരു തെക്കന്‍ തല്ലു കേസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.നവാഗതനായ ശ്രീജിത്ത് എന്‍. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബിജു മേനോനൊപ്പം പത്മപ്രിയയാണ് നായികയായി എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം പത്മപ്രിയ നായികയായി അഭിനയിക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ ടീസറും ഇന്നലെ പുറത്തുവിട്ടിരുന്നു.
യുവ താരങ്ങളായ റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു.
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജി.ആര്‍. ഇന്ദുഗോപന്റെ ‘അമ്മിണി പിള്ള വെട്ടു കേസ്’ എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടന്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നു.ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്‌സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എന്‍. വരാനിരിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ‘ബ്രോ ഡാഡിയുടെ’ സഹ രചയിതാവ് കൂടിയാണ് ശ്രീജിത്ത് എന്‍.സംഗീതം ജസ്റ്റിന്‍ വര്‍ഗ്ഗീസ്.
അടുത്തിടെ പുറത്തിറങ്ങിയ ‘ആര്‍ക്കറിയാം’ സിനിമയാണ് ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം.പാര്‍വതി, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ആര്‍ക്കറിയാം.72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. ബിജു മേനോന്റെ മേക്കോവര്‍ റിലീസിനു മുന്‍പുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സൈജു കുറുപ്പ്, ആര്യ സലീം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാര്‍വതി തിരുവോത്തും, ഷറഫുദ്ധീനും ഷേര്‍ളിയും റോയിയുമായാണ് ചിത്രത്തില്‍ എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്.2020ല്‍ റിലീസ് ചെയ്ത ബിജു മേനോന്‍ ചിത്രം ‘അയ്യപ്പനും കോശിയും’ സൂപ്പര്‍ഹിറ്റ് ആയിരുന്നു.