
നടിയും മോഡലുമായ ഷെഫാലി ജരിവാലയുടെ മരണത്തിനു പിന്നാലെ ” ബിഗ് ബോസിനെ” വിമർശിച്ച് സുഹൃത്തും, പഞ്ചാബി ഗായികയും നടിയുമായ ഹിമാന്‍ഷി ഖുറാന. ശപിക്കപ്പെട്ട സ്ഥലമാണ് ബിഗ് ബോസ് എന്നാണ് ഹിമാൻഷി പോസ്റ്റ് ചെയ്തത്. ഷെഫാലിക്കൊപ്പമുള്ള ഒരു ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്.
2019-ലായിരുന്നു ബിഗ് ബോസിന്റെ 13-ാം സീസൺ ആരംഭിച്ചത്. ബിഗ് ബോസ് 13-ാം സീസണിൽ ഷെഫാലിക്കും ഹിമാൻഷിക്കുമൊപ്പമുള്ള മത്സരാർത്ഥിയായിരുന്നു അന്തരിച്ച നടൻ സിദ്ധാർത്ഥ് ശുക്ല. ഷെഫാലിയുടെ മുൻ കാമുകൻ കൂടിയായിരുന്നു സിദ്ധാർത്ഥ്. ഒരു ഘട്ടത്തിൽ ഇരുവരും പിരിഞ്ഞു. 2014-ൽ ഷെഫാലി നടനായ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു. 2021-ൽ സിദ്ധാർത്ഥ് ശുക്ല ഹൃദയാഘാതംമൂലം മരണമടഞ്ഞു. ബിഗ് ബോസിന്റെ ആ സീസണിലെ വിജയിയായിരുന്ന സിദ്ധാർത്ഥിന്റെ മരണം ഏവരേയും ഞെട്ടിച്ചിരുന്നു. ഇപ്പോൾ 4 വർഷത്തിനുശേഷം ഷെഫാലിയും മരണമടഞ്ഞതോടെയാണ് ശപിക്കപ്പെട്ട സ്ഥലമെന്ന് ബിഗ് ബോസിനെ ഹിമാൻഷി വിശേഷിപ്പിച്ചത്.
അതേ സമയം ഷെഫാലിയെ അനുസ്മരിച്ച് ബോളിവുഡ് സഹപ്രവര്‍ത്തകരും ആരാധകരുമടക്കം ഒട്ടേറെപ്പേരാണ് അഗാധമായ ദുഃഖം രേഖപ്പെടുത്തിയത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെ പ്രശസ്തയായ നടിയാണ് ഷെഫാലി ജരിവാല. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. ഷെഫാലിയുടെ മരണകാരണം ഇതുവരെ വ്യക്തമാകാത്തതിനാൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
2002-ൽ കാണ്ടാ ലഗാ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി ജരിവാല പ്രശസ്തയായത്. പിന്നീട് സൽമാൻ ഖാൻ ചിത്രമായ ‘മുജ്‌സെ ഷാദി കരോഗി’യിൽ അഭിനയിച്ചു. കൂടാതെ 2019-ൽ ബേബി കം ന എന്ന വെബ്സീരീസിലും വേഷമിട്ടു. ‘ബൂഗി വൂഗി’, ‘നാച്ച് ബലിയേ’ തുടങ്ങിയ പ്രശസ്തമായ ഡാൻസ് റിയാലിറ്റി ഷോകളിലും അവർ പങ്കെടുത്തു. കന്നഡയിൽ പുനീത് രാജ്കുമാർ നായകനായ ഹുഡുഗുരു എന്ന ചിത്രത്തിൽ അവർ അതിഥി താരമായി എത്തിയിട്ടുണ്ട്.