
ആദിലയെയും, നൂറയെയും വീട്ടിൽ കയറ്റില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ബിഗ്‌ബോസ് മത്സരാർത്ഥി അക്ബറിന്റെ ഉമ്മ. താൻ പറഞ്ഞ പരാമർശത്തെ ആളുകൾ വളച്ചൊടിച്ചതാണെന്നും, ജാതി ഭേദമില്ലാതെ മനുഷ്യരെ സ്വീകരിക്കുന്ന വ്യക്തിയാണ് താനെന്നും അക്ബറിന്റെ ഉമ്മ വ്യക്തമാക്കി. ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
“ആദിലയെയും, നൂറയെയും വീട്ടിൽ കയറ്റില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. ബിഗ്‌ബോസിൽ വെച്ച് അക്ബറിന് ദേഷ്യം കൂടുതലാണെന്ന് പറഞ്ഞ് ഒരു ദിവസം അവനോട് സംസാരിക്കാൻ അവർ അനുവാദം തന്നിട്ടുണ്ടായിരുന്നു. സാദാരണ അത്രക്ക് ദേഷ്യം വരുന്ന ഒരാളല്ല അവൻ. അവിടെ ചെന്നപ്പോൾ എന്തോ അതിന്റെ ഉള്ളിലെ പിരിമുറുക്കമൊക്കെ ആയിരിക്കും ദേഷ്യം കൂടാൻ കാരണം. എന്തായാലും ഒരു മിനിറ്റിനടുത്ത് മാത്രമേ ഞങ്ങൾ സംസാരിച്ചൊള്ളു. അവനവിടെ ഭയങ്കരമായിട്ട് ഗ്രൂപ്പിസം കാണിക്കുകയാണെന്നൊക്കെ ആയിരുന്നല്ലോ പുറത്തുള്ള സംസാരം. അത് കൊണ്ട് ഞാൻ പറഞ്ഞു, ഒറ്റക്ക് കളിക്കണം ടീമായിട്ട് കളിയ്ക്കാൻ നിക്കണ്ട എന്ന്. അത് പുറത്തേക്ക് എത്തിയത് ആദിലയോടും, നൂറയോടും കൂട്ട് കൂടണ്ട എന്ന രീതിയിലാണ്.” അക്ബറിന്റെ ഉമ്മ പറഞ്ഞു
“അവരോട് കൂട്ട് കൂടിയാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. അവരും മക്കളാണ്. എന്റെ മകന്റെ കൂടെ ജാതി ഭേദമില്ലാതെ ആളുകൾ വീട്ടിലേക്ക് വരികയും, ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യലുണ്ട്. അത് കൊണ്ട് തന്നെ ജാതിയും, മതവും ഒന്നും നോക്കിയിട്ടല്ല ഞാൻ ആളുകളെ സ്വീകരിക്കാറ്. ആദിലാക്കും, നൂറയ്ക്കുമായിട്ട് ഞാനെന്റെ വീട്ടിലെ ഗെയിറ്റ് അടച്ചു വെക്കുകയും ഇല്ല.” അക്ബറിന്റെ ഉമ്മ കൂട്ടിച്ചേർത്തു.
ഒരു ടാസ്കിനിടെ ഉണ്ടായ തർക്കത്തിൽ അക്ബറിനോട് ആദില-നൂറ കപ്പിൾസിനെ കുറിച്ച് വേദലക്ഷ്മി പറഞ്ഞത്, “നിന്റെയൊക്കെ വീട്ടിൽ പോലും കയറ്റാൻ കൊള്ളത്തവളുമാരല്ലേ ഇവർ,” എന്നാണ്. ഒരു ദിവസം അക്ബറിന്റെ ഉമ്മ ബിഗ് ബോസ് ഹൗസിലേക്ക് ഫോൺ വിളിച്ച് അക്ബറിനോട് സംസാരിച്ചിരുന്നു. ആദിലയോടും നൂറയോടും കൂട്ടുകൂടേണ്ടെന്ന് ഉമ്മ പറഞ്ഞുവെന്ന തരത്തിലുള്ള സംസാരം ബിഗ് ബോസ് വീടിനകത്ത് പരക്കുകയും ചെയ്തിരുന്നു. വഴക്കിനിടെ ലക്ഷ്മി ഈ വിഷയമാണ് എടുത്തിട്ടുണ്ടായിരുന്നത്. വിഷയത്തിൽ വിശദീകരണവുമായി അക്ബറിന്റെ ഉമ്മ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
മലയാളം ബിഗ്‌ബോസ് സീസൺ 7 ലെ മത്സരാർഥിയാണ് അക്ബർ. ഷോ അവസാനഘട്ടത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഷോയിലെ മത്സരാർത്ഥികളുടെ റീ എൻട്രിക്ക് പിന്നാലെ അക്ബർ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയാണെന്നും, മത്സരാർത്ഥികളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ആദിലയെയും, നൂറയെയും അനുമോളുമായി തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വിമർശനം. എന്നാൽ അക്ബർ നല്ലൊരു പ്ലെയറാണെന്നും, കപ്പടിക്കാൻ സാധ്യതയുണ്ടെന്നും
മറ്റൊരു വിഭാഗവും പറയുന്നുണ്ട്. സരിഗമപ യുടെ നാലാം സീസണിലെ മത്സരാർത്ഥിയായിരുന്നു അക്ബർ ഖാൻ. സംഗീത സംവിധായകൻ ഗോപി സുന്ദറാണ് അക്ബറിനെ മലയാള സിനിമയുടെ പിന്നണി ഗാനരംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. മലയാളത്തിലും തമിഴിലും, കന്നഡയിലുമായി ഇരുപത്തിയഞ്ചോളം ഗാനങ്ങൾ ഇതിനകം അക്ബർ പാടിയിട്ടുണ്ട്. അക്ബറിന്റെ മാർഗം കളി, എടക്കാട് ബറ്റാലിയൻ, ലാസ്റ്റ് ചാൻസ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ശ്രദ്ധേയമാണ്.