റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായതിന്റെ പേരില്‍ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണവും, അപവാദ പ്രചരണവും നടക്കുകയാണെന്ന് നടി മഞ്ജു പത്രോസിന്റെ മാതാപിതാക്കള്‍. മഞ്ജുവിനൊപ്പം ബ്ലാക്കീസ് എന്ന വ്‌ലോഗ് അവതരിപ്പിക്കുന്ന സിമി സാബു ഷെയര്‍ ചെയ്ത വിഡിയോയിലാണ് മഞ്ജു പത്രോസിന്റെ കുടുംബത്തിന്റെ പ്രതികരണം. മഞ്ജുവിന്റെ അമ്മ ഒരു ടെലിവിഷന്‍ ഗെയിം ഷോയുടെ പേരില്‍ വീട്ടിലുള്ള നിരപരാധികളെ വലിച്ചിഴക്കുന്നതും തേജോവധം ചെയ്യുന്നതും എന്തിനാണെന്ന് ചോദിക്കുന്നു. ‘വീട്ടിലിരിക്കുന്ന നിരപരാധികളെ ആക്രമിക്കുന്നത് എന്തിനാണ്, പള്ളിയില്‍ പോയപ്പോള്‍ ഒരു കുട്ടി ചോദിച്ചു, റീത്താമ്മേ നിങ്ങളെ പറ്റിയും മഞ്ജു ചേച്ചിയെ പറ്റിയും അനാവശ്യമാണല്ലോ എഴുതുന്നത് നിങ്ങള്‍ കണ്ടില്ലേ എന്ന്. ഇതൊരു ഗെയിം അല്ലേ, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ. മഞ്ജുവിന്റെ പ്രകടനം കണ്ട് അഭിമാനം തോന്നാറുണ്ട്, തെറ്റ് കണ്ടാല്‍ പ്രതികരിക്കുന്ന ആളാണ് മഞ്ജു. വീട്ടിലും അങ്ങനെയാണ്. അതിന്റെ പേരില്‍ വീട്ടിലുള്ളവരെക്കുറിച്ചും മഞ്ജുവിന്റെ കുട്ടിയെക്കുറിച്ചും അനാവശ്യം പറയുന്നത് എന്തിനാണ്.’റീത്ത പറഞ്ഞു.
മഞ്ജുവിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഉള്ളുതകര്‍ന്ന അമ്മ പൊട്ടിക്കരയുന്നതും വിഡിയോയില്‍ കാണാം. മഞ്ജു പത്രോസ് ഭര്‍ത്താവ് സുനിച്ചനുമായി വിവാഹ ബന്ധം വേര്‍പെടുത്താന്‍ പോവുകയാണെന്ന പ്രചരണം വരെ നടത്തുന്നുവെന്ന് പിതാവ് പറയുന്നു. വളരെ കഷ്ടപ്പെട്ടാണ് മകളെ വളര്‍ത്തിയത്. മഞ്ജുവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഭര്‍ത്താവ് ശ്രമിക്കുകയാണെന്ന പ്രചരണം കുടുംബത്തെയും മകനെയും ബാധിച്ചെന്നും അച്ഛന്‍ പത്രോസ് പറഞ്ഞു. മഞ്ജുവിന്റെ ഭര്‍ത്താവ് സാബുവിന്റെ ഫെയ്‌സ്ബുക്കിലും തെറിവിളിയാണെന്നും എന്ത് ദ്രോഹമാണ് ഈ അപവാദ പ്രചരണം നടത്തുന്നവരോട് ചെയ്തതെന്നും മഞ്ജുവിന്റെ കുടുംബം ചോദിക്കുന്നു.