ഭീഷ്മ പര്‍വ്വത്തിലെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ ഒരു പ്രധാന ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിച്ച ശൈലി പരിചയപ്പെടുത്തുന്ന വീഡിയോ ആണിത്. മലയാള സിനിമയില്‍ വളരെ കുറച്ച് മാത്രം ഉപയോഗിക്കാറുള്ള ബോള്‍ട്ട് ഹൈസ്പീഡ് സിനിബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സീക്വന്‍സ് അമല്‍ നീരദ് ചിത്രീകരിച്ചിരിക്കുന്നത്. വേഗത്തിലുള്ള ക്യാമറ മൂവ്‌മെന്റുകളാണ് ഈ സാങ്കേതിക വിദ്യ സാധ്യമാക്കുന്നത്.
അതേസമയം സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് ഭീഷ്മ പര്‍വ്വം. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 3ന് ആയിരുന്നു. ആദ്യദിനം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് റിലീസിന്റെ ഒരാഴ്ചയ്ക്കുള്ളില്‍ 50 കോടി നേടിയ ചിത്രം ഏതാനും ദിവസം മുന്‍പ് 75 കോടിയും പിന്നിട്ടിരുന്നു. കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയ ഗ്രോസ് 40 കോടി കടന്നിട്ടുണ്ട്.
ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ചിത്രത്തിന് ലഭിച്ച വലിയ പ്രീ-റിലീസ് ഹൈപ്പിന് കാരണം. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യ ബിഗ് റിലീസ് എന്നതും ചിത്രത്തിന് ഗുണമായി.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗത സംവിധായിക രതീന സംവിധാനം ചെയ്ത പുഴു ഒടിടി റിലീസായി എത്തുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. മമ്മൂട്ടി നായകനായെത്തിയ ‘ഉണ്ട’യുടെ രചയിതാവ് ഹര്‍ഷദിന്റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ പുഴുവില്‍ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.