
വിചാരണ കോടതി വിധിയില്‍ തനിക്ക് വലിയ ഞെട്ടലുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. ആ വിധി താൻ പ്രതീക്ഷിച്ചിരുന്നുവെന്നും, എന്നാൽ ഒന്നും ചെയ്യാൻ കഴിയായതെ പോയതിൽ നിസ്സഹായ ആയ പോലെ തോന്നിയെന്നും ഭാവന പറഞ്ഞു. കൂടാതെ കേസില്‍ വിധി വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രചോദനമായെന്നും, ധൈര്യത്തോടെ നില്‍ക്കണമെന്നും നമ്മള് എല്ലാവരും കൂടെ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് കൂടുതല്‍ ഊര്‍ജം പകര്‍ന്നെന്നും ഭാവന കൂട്ടിച്ചേർത്തു. റിപ്പോര്‍ട്ടറിന് നല്കിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘വിചാരണ കോടതി വിധിയില്‍ എനിക്ക് വലിയ ഞെട്ടല്‍ ഉണ്ടായിരുന്നില്ല. എവിടെയൊക്കെയോ ഈ വിധി താന്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ വിധി ഒട്ടും ഷോക്കിങ് അല്ലായിരുന്നു എന്നാല്‍ അതേസമയം ഞാന്‍ ഒരു നിസ്സഹായ അവസ്ഥയിലായി. നമ്മളെ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മാനസിക അവസ്ഥ എന്റെ ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ സംഭവിച്ചത് സംഭവിച്ചു ഇനി അത് ആലോചിച്ച് ഇരുന്നിട്ട് കാര്യമില്ല എന്ന നിലയിലേക്ക് നമ്മള് എത്തും. ഒപ്പം ഫെബ്രുവരിയില്‍ അനോമിയുടെ റിലീസ് ഉള്ളതിനാല്‍ ജനുവരി പകുതി മുതല്‍ പ്രൊമോഷന് ഉണ്ടായിരുന്നു. ഞാന്‍ കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ പാടില്ല എന്ന് ഉണ്ടായിരുന്നു.’ ഭാവന പറഞ്ഞു.
‘ശരിയെന്ന് തോന്നിയത് കൊണ്ടാണ് പരാതി നല്‍കിയത്. പരാതി നല്കുമ്പോള് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് കരുതിയിട്ടില്ല. അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല. ഞാൻ മിണ്ടാതിരുന്നിട്ട് എന്ത് ചെയ്യാനാണെന്ന് തോന്നലുണ്ടായി. ആ സാഹചര്യത്തില്‍ കൂടുതല്‍ ഒന്നും ആലോചിച്ചിരുന്നില്ല.അതിന് ശേഷം എത്രയോ ആളുകള്‍ പുറത്തുവരുന്നു, പരാതികള്‍ നല്കുന്നു അതെല്ലാം ഭാവന പറഞ്ഞതുകൊണ്ടാണ് എന്ന് പറയുമ്പോള്‍ ആ ഫീലിങ്ങിനെ എനിക്ക് വാക്കുകൊണ്ട് വിവരിക്കാന്‍ കഴിയില്ല. ആരും ഒന്നും പുറത്തു പറയില്ലെന്ന ധൈര്യം പലരുടെയും ഉള്ളിലുണ്ട്. അത് പുറത്തുപറഞ്ഞു പ്രശ്നമാകുമെന്ന് അറിഞ്ഞാല്‍ കുറച്ചു പേരെങ്കിലും ജാഗരൂഗരാകും അത് നല്ലതല്ലേ.’ഭാവന കൂട്ടിച്ചേർത്തു.
കഴിഞ്ഞ ക്രിസ്മസിന് മുഖ്യമന്ത്രി നടത്തിയ വിരുന്നില്‍ മുഖ്യാതിഥിയായിരുന്നു ഭാവന. അതേസമയം, അനോമി ആണ് അവസാനമായി പുറത്തുവന്ന ഭാവന ചിത്രം. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. സി ജെ റോയ് നിര്‍മിച്ച അവസാന ചിത്രം കൂടെയാണ് അനോമി.