ഭാവനയ്ക്ക് ജന്മദിനാശംസയുമായി മഞ്ജു വാര്യര്‍. തനിക്ക് അറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീയാണ് ഭാവനയെന്നാണ് ജന്മദിനം ആശംസിച്ചുകൊണ്ട് മഞ്ജുവാര്യര്‍ കുറിച്ചത്.
മഞ്ജുവിന്റെ കുറിപ്പ്:
‘ഈ ചിത്രം വ്യക്തമല്ലായിരിക്കും. പക്ഷെ ഇതില്‍ നിങ്ങള്‍ കാണുന്ന സന്തോഷം റിയലാണ്. ജന്മദിനാശംസകള് ഭാവന. എനിക്ക് അറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീ. നിന്നെ എന്നും സ്നേഹിക്കുന്നു. അത് നിനക്ക് അറിയാമെന്ന് എനിക്ക് അറിയാം.’
ഭാനവയുടെ സുഹൃത്തുക്കളും താരത്തിന് പിറന്നാള്‍ ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്. കൂടുതല്‍ പോരാട്ടത്തിനായി , കൂടുതല്‍ ഫണ്ണിനായി, ഇന്നാ പിടിച്ചോ ഒരു ഹാപ്പി ബര്‍ത്ത്ഡേ എന്നാണ് രമ്യ നമ്പീശന് ഫേസ് ബുക്കില്‍ കുറിച്ചത്.
2002ല്‍ പുറത്തിറങ്ങിയ നമ്മള് എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് മലയാളം, കന്നട, തമിഴ് എന്നീ ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2005ല്‍ ദൈവനാമത്തില്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ഭാവന കരസ്ഥമാക്കി. വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരില്‍ താമസമാക്കിയ ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വരാനിരിക്കുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയണ് ഭാവന തിരിച്ചുവരവ് നടത്തുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകന്. ഷറഫുദ്ദീന് ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.അതോടൊപ്പം ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലും ഭാവന ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. ദേശീയ പുരസ്കാര ജേതാവായ തെന്നിന്ത്യന്‍ നടിയുടെ വേഷമാണ് ഭാവന ചെയ്യുന്നത്. ചിത്രത്തില്‍ ഷെയിന്‍ നിഗം, ഗൗതം മേനോന് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.