IFFK വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന……

രാജ്യാന്തര ചലച്ചിത്രമേളയില്‍ അതിഥിയായി നടി ഭാവന. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാവന രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നത്. പോരാട്ടത്തിന്റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു. ഭാവന അതിഥിയായെത്തുന്ന വിവരം സംഘാടകര്‍ പുറത്തുവിട്ടിരുന്നില്ല. ഹര്‍ഷാരവങ്ങളോടെയാണ് ഭാവനയെ സിനിമപ്രേമികള്‍ സ്വീകരിച്ചത്. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപാണ് ചടങ്ങിലെ മുഖ്യാതിഥി.

പ്രതികൂല സാഹചര്യങ്ങളില്‍ പേരാടുന്ന സ്ത്രീകള്‍ക്ക് ആശംസകള്‍ നേര്‍ന്നു എന്ന് ഭാവന പറഞ്ഞപു.ചലച്ചിത്രമേളയുടെ ഭാഗമാവാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും,’എന്നെ ക്ഷണിച്ച രഞ്ജിത് സാറിനും ബീനച്ചേച്ചിയ്ക്കും (ബീനാ പോള്‍) പ്രത്യേകം നന്ദി പറയുന്നു. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്നവര്‍ക്കും ലിസയേ പോലെ പ്രതികൂല സാഹചര്യങ്ങളില്‍ പോരാടുന്ന സ്ത്രീകള്‍ക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു’ -ചടങ്ങില്‍ സംസാരിക്കവേ ഭാവന പറഞ്ഞു.

നിശാഗന്ധി തിയേറ്ററില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ചടങ്ങിന്റെ അധ്യക്ഷന്‍.

തുര്‍ക്കിയില്‍ ഐ.എസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിക്കും. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരും ചടങ്ങില്‍ അതിഥികളായെത്തിയിട്ടുണ്ട്.

മാര്‍ച്ച് 18 മുതല്‍ 25 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി, ന്യൂ തിയേറ്ററിലെ രണ്ടു സ്‌ക്രീനുകള്‍, ഏരീസ് പ്‌ളക്‌സിലെ അഞ്ചു സ്‌ക്രീനുകള്‍, അജന്ത, ശ്രീപത്മനാഭ എന്നീ 15 തിയേറ്ററുകളിലായാണ് മേള നടക്കുന്നത്.