“വർഷത്തിൽ രണ്ട് സാരിയേ എടുക്കാവൂ എന്നായിരുന്നു, തിലകൻ ചേട്ടൻ ഷേക്ക് ഹാൻഡ് തന്നപ്പോൾ തല്ലി”; ഭാഗ്യലക്ഷ്മി

','

' ); } ?>

മുൻ ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇന്നത്തെപ്പോലെ ശക്തമായി പ്രതികരിക്കുന്ന സ്വഭാവമായിരുന്നില്ല തനിക്ക് അന്നെന്നും, ഭർത്താവ് എന്ത് പറഞ്ഞാലും അനുസരിച്ച് ജീവിച്ചിരുന്ന ഒരു സാധാരണ സ്ത്രീയായിരുന്നു താനെന്നും അവർ വെളിപ്പെടുത്തി.

“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന് പറയുന്നതുപോലെ, സാഹചര്യങ്ങളും ചുറ്റുമുള്ളവരും ചേർന്നാണ് തന്നെ ഇന്നത്തെ രീതിയിലേക്ക് മാറ്റിത്തീർത്തതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. ആദ്യകാലങ്ങളിൽ എല്ലാം സഹിച്ചും ക്ഷമിച്ചും കഴിഞ്ഞിരുന്ന തനിക്ക്, അനുഭവങ്ങളാണ് പൊരുതാനുള്ള കരുത്ത് നൽകിയതെന്നും താരം വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്‍മി

”ഒരിക്കൽ തിലകൻ ചേട്ടൻ എനിക്ക് ഷേക്ക് ഹാൻഡ് തന്നു എന്ന് പറഞ്ഞ് എന്നെ തല്ലിയിട്ടുണ്ട്. എന്തിനാണ് പുരുഷൻമാർക്ക് ഷേക്ക് ഹാൻഡ് കൊടുക്കുന്നതെന്ന് ചോദിച്ചു. ഒരിക്കൽ തിരിച്ച് ഞാനും ഒന്ന് കൊടുത്തു. അതായിരുന്നു അവസാനം. അന്ന് മോൻ കുഞ്ഞാണ്. സാമ്പത്തിക പ്രശ്നത്തിനായിരുന്നു വഴക്ക്. ഡബ്ബിങ്ങിന് എത്ര കിട്ടി, അതിൽ 350 രൂപ കുറവുണ്ടല്ലോ എന്നൊക്കെ ചോദിച്ച് അദ്ദേഹം വഴക്കുണ്ടാക്കും. അന്ന് ഞാൻ പണം അദ്ദേഹത്തിനാണ് കൊടുത്തിരുന്നത്.

ഇന്ന് കാണുന്ന ഭാഗ്യലക്ഷ്മിയല്ല അന്ന്. ഇത്രയും സംസാരിക്കുന്ന സ്ത്രീ പോലുമല്ലായിരുന്നു. പക്ഷേ, വേദനിപ്പിച്ചാൽ ഞാൻ വയലന്റാകും. ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു ഭദ്രകാളി ഉണ്ട്. അത് പുറത്തെടുപ്പിക്കരുത്. ഞങ്ങൾ വഴക്കിടുന്നതിനിടെ മോൻ അമ്മാ, തോർത്ത് വേണം എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു. അവൻ ബാത്ത് റൂമിൽ നിന്ന് പുറത്തേക്ക് വന്ന് ഒച്ച വെച്ചപ്പോൾ പുള്ളി കുഞ്ഞിനെയെടുത്ത് ഒറ്റ ഏറ്. ഞാൻ ഓടിപ്പോയി അയ്യോ എന്റെ കുഞ്ഞ് എന്നു പറഞ്ഞ് എടുത്തു. എന്റെ കൺ‌ട്രോൾ വിട്ട് ഒരെണ്ണം കൊടുത്തു. കുഞ്ഞിനെ തൊട്ടാൽ ഞാൻ വെറുതെയിരിക്കില്ലെന്ന് പറഞ്ഞു.” ഭാഗ്യലക്ഷ്മി പറഞ്ഞു.

“നമ്മളാണ് ഒരാളെ വഷളാക്കുന്നത്. വർഷത്തിൽ രണ്ട് സാരിയേ എടുക്കാവൂ എന്ന് പുള്ളിക്ക് കണക്കുണ്ടായിരുന്നു. ഞാനത് അക്ഷരംപ്രതി അനുസരിച്ചിരുന്ന ഭാര്യയാണ്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന് പറഞ്ഞത് പോലെ എല്ലാവരും കൂടെ എന്നെ ഇങ്ങനെ ആക്കിയതാണ്. ഡബ്ബിങ്ങിനു പോയി തിരിച്ച് വരുമ്പോൾ എത്ര കിട്ടിയെന്ന് ചോദിക്കും. 75000, ഒരു ലക്ഷം എന്നൊക്കെ ഞാൻ പറയും. ഇതിൽ 350 രൂപ കുറവുണ്ടല്ലോ, അല്ലെങ്കിൽ 1500 രൂപ കുറവുണ്ടല്ലോ എന്ന് പുള്ളി ചോദിക്കും. സാരി വാങ്ങിച്ചു, സ്കേർട്ട് വാങ്ങിച്ചു എന്നൊക്കെ പറഞ്ഞാൽ ഷൗട്ട് ചെയ്യുമായിരുന്നു.” ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.