“എന്താണ് ചെയ്യുന്നതെന്ന് പോലും മോഹൻലാൽ ചിന്തിച്ചില്ലല്ലോ, ദിലീപിന്റെ വില്ലനിസം ഇനിയും തീർന്നിട്ടില്ല”: ഭാഗ്യലക്ഷ്മി

','

' ); } ?>

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ശിക്ഷാ വിധി വന്നതിനു പിന്നാലെ ദിലീപിനൊപ്പമുളള പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച മോഹൻലാലിനെതിരെ പ്രതികരിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുന്നതിന് മുൻപ് താൻ എന്താണ് ചെയ്യുന്നതെന്ന് മോഹൻലാൽ പോലും ചിന്തിച്ചില്ലല്ലോ എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അവന് വേണ്ടിയും അവൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞതും നമ്മൾ കേട്ടതല്ലേയെന്നും, ഇതെല്ലാം അയാൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു സാമ്പത്തിക സ്പെയ്സ് ആണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. ഐഎഫ്എഫ്കെയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

“വിധി വന്ന അന്നുതന്നെയല്ലേ നമ്മൾ ഏറ്റവും സ്നേഹിക്കുന്ന ശ്രീ മോഹൻലാൽ ആ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുന്നത്. ഒരു നിമിഷം ചിന്തിക്കണം. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം പോലും ചിന്തിച്ചില്ലല്ലോ എന്നാണ്. അവന് വേണ്ടിയും അവൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞതും നമ്മൾ കേട്ടു. ഇതെല്ലാം അയാൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു സാമ്പത്തിക സ്പെയ്സ് ആണ്. അതാണ് നമ്മൾ കണ്ടത്.ഈ വിധിയോട് കൂടി അവൾ തളർന്നുവെന്ന് പലരും വിചാരിക്കുന്നുണ്ട്. ഇനി മുന്നോട്ട് ഇല്ലെന്ന്. ഒരിഞ്ച് പോലും അവൾ തളർന്നിട്ടില്ല. അതിശക്തമായി തന്നെ മുന്നോട്ട് സഞ്ചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിയമത്തിന്റെ ഏത് അറ്റം വരെയും അവൾ പോകും. ഇതിൽ കൂടുതൽ അപമാനമൊന്നും അവൾക്ക് സഹിക്കാനില്ല. രണ്ട് മണിക്കൂർ കാറിനുള്ളിൽ സംഭവിച്ചതിനെക്കാൾ അപമാനം അടച്ചിട്ട കോടതി മുറിക്കുള്ളിൽ അവൾ അനുഭവിച്ചു. അതിൽ കൂടുതലൊന്നും എനിക്കിനി സംഭവിക്കാനില്ലല്ലോ രീതിയിലാണ് അവൾ പോസ്റ്റിട്ടത്. തീർച്ചയായും അപ്പീലിന് പോകും. ” ഭാഗ്യലക്ഷ്മി പറഞ്ഞു.

“അവളെ തളർത്താമെന്ന് ആരും വിചാരിക്കണ്ട. നമ്മൾ എല്ലാവരും ശക്തമായി അവളോടൊപ്പം നിൽക്കുകയാണ് വേണ്ടത്. മുൻപ് ഇങ്ങനെയൊക്കെ ഉണ്ടാകുമോന്ന സംശയം ഒരു 50 ശതമാനം ആൾക്കാർക്ക് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഈ വിധി വന്നതോട് കൂടിയാണ് എല്ലാവർക്കും വ്യക്തമായി മനസിലായത്. കോടതിയിൽ നിന്നും വിധി വന്നാൽ ‘എനിക്ക് വളരെ സന്തോഷമുണ്ട്. സത്യം ജയിച്ചു’ എന്നൊക്കെ വേണമെങ്കിൽ പറയുന്നതിന് പകരം മറ്റൊരു പെണ്ണിന്റെ പേരാണ് അവിടെ പറയുന്നത്. അന്ന് ആ നടി ഇയാളുടെ പേര് പറഞ്ഞായിരുന്നില്ല സംസാരിച്ചത്. തന്നെ ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്ന് അയാൾ തന്നെ തീരുമാനിച്ചു. അതിനർത്ഥം അയാൾ ചെയ്തു എന്ന് തന്നെയാണ്. ഇനിയും അദ്ദേഹത്തിന്റെ വില്ലനിസം തീർന്നിട്ടില്ല. ഇനിയും ഞാൻ അങ്ങനെ തന്നെ ചെയ്യും എന്ന ധൈര്യം കിട്ടിയത് വിധിയിൽ കൂടിയാണ്. അതെങ്ങനെ നേടിയെന്ന് എല്ലാവർക്കും അറിയാം. അതിജീവിത കേസ് കൊടുത്തത് കൊണ്ടുമാത്രമാണ് പല പെൺകുട്ടികളും രക്ഷപ്പെട്ടത്”,
ഭാ​ഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടുക്കയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. വിധി കേട്ട് പുറത്തു വന്നതിനു പിന്നാലെയുള്ള ദിലീപിന്റെ ആദ്യ പ്രതികരണം ചർച്ചയായിരുന്നു. സത്യം ജയിച്ചുവെന്നും, കേസിലെ യഥാർത്ഥ ഗൂഢാലോചന എന്ന് പറയുന്നത് തന്നെ പ്രതിയാക്കുക എന്നായിരുന്നെന്നും ദിലീപ് പറഞ്ഞു. കൂടാതെ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിന് പിന്നാലെ ക്രിമിനൽ പോലീസുകാർ മെനഞ്ഞെടുത്ത കള്ളക്കഥയാണിതെന്നും, ആ കള്ളക്കഥയാണ് കോടതിയിൽ പൊളിഞ്ഞതെന്നും ദിലീപ് കൂട്ടിച്ചേർത്തിരുന്നു.

ശിക്ഷാവിധിക്ക് പിന്നാലെ അതിജീവിതയും മഞ്ജുവാര്യരും ശക്തമായ പ്രതിഷേധം തന്നെ രേഖപ്പെടുത്തിയിരുന്നു. തനിക്ക് മൗലിക അവകാശങ്ങൾ നിഷേധിച്ചെന്ന് അതിജീവിതയും. കുറ്റകൃത്യത്തിന്റെ ആസൂത്രിതർ പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപെടുത്തുവെന്ന് മഞ്ജുവാര്യരും പ്രതിഷേധിച്ചു. പൃഥ്വിരാജ് അടക്കമുളള താരങ്ങൾ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ. ഇന്നുതന്നെ നടപടികൾ തുടങ്ങും. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇന്നലെ ആദ്യമായി സംഭവത്തിൽ പ്രതിയ്ക്കരിച്ച് അതിജീവിത രംഗത്തു വന്നിരുന്നു. എട്ടു വർഷം, ഒമ്പത് മാസം, 23 ദിവസങ്ങൾ നീണ്ട ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക താൻ കാണുന്നുവെന്നായിരുന്നു കോടതി വിധിയോടുള്ള അതിജീവിതയുടെ പ്രതികരണം. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അതിജീവിതയുടെ പ്രതികരണം. പൃഥ്വിരാജ്, മഞ്ജുവാര്യർ അടക്കമുളള താരങ്ങൾ അതിജീവിതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.