
ആദ്യ വിവാഹ മോചനത്തെ കുറിച്ച് സംസാരിച്ചപ്പോൾ പലരും തന്റെ നിലവിലുള്ള ഭാര്യയുടേയും കുട്ടികളുടെയും ഫോട്ടോകൾ വെച്ച് വാർത്ത കൊടുത്തുവെന്ന് നടൻ ഭഗത് മാനുവൽ. അതിന് ‘ഞാനെപ്പോഴാടോ തന്നെ ഉപേക്ഷിച്ചത്’ എന്നാണ് ഭാര്യ ഷെലിൻ ചെറിയാൻ ചോദിച്ചതെന്നും ഭഗത് പറഞ്ഞു. ദി നെക്സ്റ്റ് 14 മിനിറ്റ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ആ അഭിമുഖത്തിന് താഴെ വന്ന കമന്റ്സ് കണ്ടപ്പോഴാണ് ഇത്രയും ആൾക്കാർ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് മനസിലായത്. ഞാൻ നശിച്ച് പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾ ഇന്നും ഉണ്ട്. സത്യം പറഞ്ഞാൽ നന്ദിയുണ്ട കേട്ടോ. ആ കമന്റുകൾ വായിക്കുമ്പോൾ ഭയങ്കര ബലമാണ്. അതിനിടയ്ക്ക് വേറെ കമന്റുകളും ഉണ്ട്. ?” ഭഗത് പറഞ്ഞു.
“യതാർത്ഥത്തിൽ സംഭവം എന്താണെന്ന് അറിയോ ? ഞാനെന്റെ ആദ്യത്തെ ജീവിതത്തെ കുറിച്ച് സംസാരിച്ചതാണ്. ഞാൻ കുറച്ച് ഇമോഷണലായിരുന്നു. അതിന്റെ പേരിൽ അവിടെന്ന് ഇവിടെന്നൊക്കെ കട്ട് ചെയ്ത് എന്റെ മക്കളുടേയും ഭാര്യയുടേയും ഫോട്ടോകൾ വച്ച് വാർത്തയിറക്കി. ഡിവോഴ്സായി, ഇവന് ഇത് തന്നെ വേണം എന്നൊക്കെ പറഞ്ഞവരുണ്ട്. ഇതൊക്കെ കഴിഞ്ഞിട്ട് ഭാര്യ എനിക്കൊരു സാധനം അയച്ചു തന്നു. ഞാനെപ്പോഴാടോ തന്നെ ഉപേക്ഷിച്ച് പോയത് ? എന്നാണ് അവൾ ചോദിച്ചത്. ഞാൻ പറഞ്ഞു അത് പഴയതാണെന്ന്. ദൈവത്തെ ഓർത്ത് പിള്ളേരുടെ ഫോട്ടോ വച്ചുള്ള പരിപാടി നിർത്തണം.” ഭഗത് കൂട്ടിച്ചേർത്തു.
മലയാളികൾക്ക് സുപരിചിതനായ നടനാണ് ഭഗത് മാനുവൽ. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി, പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ ചെയ്ത ഭഗതിന്റേതായി വരാനിരിക്കുന്നത് ആട് 3 ആണ്. മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന ആട് 3യിൽ കൃഷ്ണൻ മന്ദാരം എന്ന കഥാപാത്രത്തെയാണ് ഭഗത് അവതരിപ്പിക്കുന്നത്. സിനിമ മാർച്ച് 19ന് തിയറ്ററുകളിൽ എത്തും.