
റിലീസിന് ദിവസങ്ങൾ ബാക്കി നിൽക്കെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങിൽ കോടികൾ വാരി ‘ഭഭബ’. ഏകദേശം ഒരു കോടിക്കു മുകളിലാണ് ആദ്യ ദിനം മാത്രം പ്രി സെയ്ൽ ബിസിനസ്സിലൂടെ ചിത്രം നേടിയത്. മണിക്കൂറിൽ പതിനായിരത്തിനു മുകളിൽ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ പ്ലാറ്റ്ഫോമിലൂടെ വിറ്റു പോയിരിക്കുന്നത്. ക്രിസ്മസ് റിലീസുകളിൽ ആദ്യം എത്തുന്ന സിനിമ കൂടിയാണിത്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഭ.ഭ.ബ’ ഡിസംബർ 18ന് ആഗോള റിലീസായി എത്തും.
രാവിലെ എട്ട് മണി മുതൽ ഫാൻസ് ഷോ ആരംഭിക്കും. മോഹൻലാലിൻ അതിഥി വേഷവും സിനിമയുടെ ഹൈപ്പ് കൂടാൻ കാരണമായിട്ടുണ്ട്.
ഈ ആഴ്ച ‘അവതാർ’ ഒഴിച്ചു നിർത്തിയാൽ മറ്റു പ്രധാന റിലീസുകളില്ലാത്തതിനാൽ കൂടുതൽ റിലീസ് സെൻ്റുകളും ചിത്രത്തിനു ലഭിക്കും. ആദ്യ ആഴ്ചയിൽ കൂടുതൽ കലക്ഷൻ ലഭിക്കാൻ ഇതു കാരണമാകും.
ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിലുണ്ട്. ‘വേൾഡ് ഓഫ് മാഡ്നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. “ഭയം ഭക്തി ബഹുമാനം” എന്നതിൻ്റെ ചുരുക്ക രൂപമായിട്ടാണ് “ഭ.ഭ.ബ” എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്.
സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്.
ചിത്രത്തിലെ “അഴിഞ്ഞാട്ടം” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും ട്രെൻഡിങ്ങിലാണ്. അതേസമയം ഗാനത്തിന് വലിയ ട്രോളുകളും വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഗാനത്തിൻ്റെ വരികൾക്ക് നിലവാരമില്ലെന്നാണ് പ്രധാന വിമർശനം. സിനിമയ്ക്കുള്ള ഹൈപ്പ് കുറയാൻ പാട്ട് കാരണമാകുമെന്നാണ് പലരും വിഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. ഈ പാട്ട് സിനിമയിൽ വേണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു.