55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ; മികച്ച നടൻ മമ്മൂട്ടി, ഷംല ഹംസ മികച്ച നടി

','

' ); } ?>

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടൻ. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെന്ന കഥാപാത്രത്തിലൂടെയാണ് പുരസ്‌കാരം. ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് മോൾ മികച്ച സ്വഭാവ നടിയായും, മികച്ച സ്വഭാവ നടനായി സൗബിൻ ഷാഹിറും സിദ്ധാർഥ് ഭരതനും തിരഞ്ഞെടുക്കപ്പെട്ടു. മമിത ബൈജു, നസ്ലെൻ തുടങ്ങിയവർ കേന്ദ്ര കഥാപത്രമായെത്തിയ “പ്രേമലു” മികച്ച ജനപ്രിയ ചിത്രമായി. 2023 ൽ പുറത്തിറങ്ങിയ ശ്രീലങ്കൻ-ഇന്ത്യൻ സഹനിർമ്മാണ നാടക ചിത്രം ‘പാരഡൈസ്’ പ്രത്യേക ജൂറി പരാമർശം നേടിയ ചിത്രമായി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ‘ഫെമിനിച്ചി ഫാത്തിമ’യിലൂടെ ഫാസിൽ മുഹമ്മദ് സ്വന്തമാക്കി.

സെബ ടോമി മികച്ച പിന്നണി ഗായികയായും, കെ എസ് ഹരി ശങ്കർ മികച്ച പിന്നണി ഗായകനായും തിരഞ്ഞെടുക്കപ്പെട്ടു. വിയർപ്പു തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിലൂടെ വേടൻ മികച്ച ഗാനരചയിതാവായി. മികച്ച തിരക്കഥാ കൃത്ത്, സംവിധായകൻ എന്നീ പുരസ്‌കാരങ്ങൾ മഞ്ഞുമ്മൽ ബോയ്സിലൂടെ ചിദംബരം സ്വന്തമാക്കി. ലാജോ ജോസിന്റെ നോവലിനെ അടിസ്ഥാനമാക്കി അമൽ നീരദ് സംവിധാനം ചെയ്ത “ബോഗെയിൻ വില്ല” യ്ക്കാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം. മികച്ച രണ്ടാമത്തെ ചിത്രം ഫെമിനിച്ചി ഫാത്തിമയും, മഞ്ഞുമ്മൽ ബോയ്സും. ബോഗെയിൻ വില്ലയിലൂടെ ജ്യോതിർ മെയിക്ക് പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി. എ ആർ എം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിനയ നടനായി ടൊവിനോയും, കിഷ്‌കിന്ധ കാണ്ഡത്തിലെ പ്രകടനത്തിന് ആസിഫ് അലിയും തിരഞ്ഞെടുക്കപ്പെട്ടു.

തൃശൂരിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 128 സിനിമകളാണ് പ്രാഥമിക ജൂറിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്.പ്രാഥമിക ഘട്ടത്തില്‍ രണ്ട് സബ് കമ്മിറ്റികളാണ് അവാർഡിനായി സമർപ്പിച്ച സിനിമകള്‍ കണ്ട് വിലയിരുത്തിയത്. രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളെ നയിച്ചത്. ഇവർക്ക് പുറമേ, ദേശീയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന്‍ എം.സി. രാജനാരായണന്‍, സംവിധായകന്‍ വി.സി. അഭിലാഷ്, ചലച്ചിത്ര ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക, ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍, സംവിധായകനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയുമായ ഫിലിം എഡിറ്റര്‍ രാജേഷ് കെ, ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ. ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍.

നടനും സംവിധായകനുമായ പ്രകാശ് രാജാണ് അന്തിമ വിധി നിർണയ ജൂറി ചെയർപേഴ്സണ്‍. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരാണ് അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങള്‍.

ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്രനിരൂപകന്‍ മധു ഇറവങ്കരയാണ് രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ എ. ചന്ദ്രശേഖര്‍, ചലച്ചിത്രനിരൂപകയും എഴുത്തുകാരിയും ഗവേഷകയുമായ ഡോ.വിനീത വിജയന്‍, അക്കാദമി സെക്രട്ടറി സി. അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.