
ഏപ്രിൽ പത്തിന് റിലീസായ ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തിയ മരണമാസ്സ് സിനിമയെ പ്രശംസിച്ച് എഴുത്തുകാരൻ ബെന്യാമിൻ. “മരണമാസ്സ് ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുത്താവുന്ന ഒരു നല്ല ചിത്രം. “ബേസിലിന്റെ മരണമാസ്, രാജേഷ് മാധവന്റെ, സുരേഷ് കൃഷ്ണയുടെ, സിജു സണ്ണിയുടെ, ബാബു ആന്റണിയുടെ മരണമാസ്സ്. സംവിധായകൻ ശിവപ്രസാദിന്റെ മരണമാസ്സ്. എ പ്യുവർ എന്റർടെയിനർ,” എന്നാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സിജു സണ്ണിയാണ് ചിത്രത്തിന് കഥയൊരുക്കിയത്.
ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവർ ചേർന്നാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും, ചമൻ ചാക്കോ എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു.