അവാര്‍ഡുകള്‍ വാരിക്കൂട്ടി 96… തൃഷ സൗത്ത് ഇന്‍ഡ്യന്‍ താര റാണി…

','

' ); } ?>

തമിഴ്നാട്ടിലെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ മീഡിയ ഓര്‍ഗനൈസേഷനുകളില്‍ ഒന്നായ ബീഹൈന്‍ഡ് വുഡ്ഡ് ഏര്‍പ്പെടുത്തിയ ബിഹൈന്‍ഡ് വുഡ്ഡ് ഗോള്‍ഡന്‍ അവാര്‍ഡുകള്‍ ഇന്നലെ നല്‍കി ആദരിച്ചു. ചടങ്ങില്‍ വെച്ച് താരറാണിയായി തിരഞ്ഞെടുക്കപ്പെട്ട തൃഷയും അഞ്ച് അവാര്‍ഡുകള്‍ നേടി 96 സിനിമയും ഒരിക്കല്‍ കൂടി പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി.

’96’ എന്ന ചിത്രത്തില്‍ ജാനുവായി വിസ്മയിപ്പിച്ച തൃഷ കൃഷ്ണന്‍, കുഞ്ഞുജാനുവിനെ അവതരിപ്പിച്ച ഗൗരി ജി കിഷന്‍, റാമിന്റെ ചെറുപ്പകാലം അവതരിപ്പിച്ച ആദിത്യ ഭാസ്‌കര്‍, തൃഷയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കുകയും ഗാനം ആലപിക്കുകയും ചെയ്ത ചിന്മയി, ’96 ന്റെ സംഗീതസംവിധായകന്‍ ഗോവിന്ദ് വസന്ത് എന്നിവരാണ് ആറാമത് ബിഹൈന്‍ഡ് വുഡ്ഡ് ഗോള്‍ഡന്‍ മെഡല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരിക്കുന്നത്.

ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡന്‍ പ്രിന്‍സസ് അവാര്‍ഡ് ആണ് തൃഷ സ്വന്തമാക്കിയത്. തന്റെ അഭിനയജീവിത്തിലെ 16 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയിലാണ് തൃഷക്ക് ഈ അംഗീകാരം ലഭിക്കുന്നത്. ”ആളുകള്‍ എന്റെ പേര് മറന്നു എന്നതുപോലൊരു അനുഭവമാണ് ഇപ്പോള്‍, എല്ലാവരും ജാനു എന്നാണ് പറയുന്നത്. എന്നില്‍ നിന്നും ജാനുവിനെ കണ്ടെത്തിയ സംവിധായകന് നന്ദി. ഇന്ന് 96 ന്റെ 75-ാം ദിന ആഘോഷം കൂടിയാണ്, വളരെ പ്രത്യേകതകള്‍ ഉണ്ട്. അവാര്‍ഡിനും പിന്തുണയ്ക്കും പ്രചോദനത്തിനും നന്ദി,” അവാര്‍ഡ് സ്വീകരിച്ച് തൃഷ പ്രതികരിച്ചു.

മികച്ച പുതുമുഖ നടനുള്ള അവാര്‍ഡ്  ആദിത്യ ഭാസ്‌കറും പുതുമുഖനടിക്കുള്ള അവാര്‍ഡ്  അവാര്‍ഡ് ഗൗരി ജി കിഷനും സ്വന്തമാക്കിയപ്പോള്‍ വോയിസ് ഓഫ് ദി ഇയര്‍ (ഫീമെയില്‍) പുരസ്‌കാരം ചിന്മയി ശ്രീപദയും സ്വന്തമാക്കി. ഇതേസമയം മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം തൈക്കുടം ബ്രിഡ്ജ് എന്ന പ്രശസ്ത കേരള ബാന്‍ഡിലെ സംഗീതജ്ഞന്‍ ഗോവിന്ദ് വസന്തയും സ്വന്തമാക്കി. ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ ‘കാതലെ കാതലെ’ എന്ന ഗാനമാണ് ഗോവിന്ദ് വസന്തക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.

ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് ’96’ ന്റെ കന്നഡ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കന്നട സിനിമാലോകം ഇപ്പോള്‍. ജാനുവായി ഭാവനയും റാമായി ഗണേശുമായിരിക്കും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുക. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ട്. ’96’ന് പകരം ’99’ എന്നാണ് പേര്. പ്രീതം ഗുബ്ബിയാണ് ’99’ സംവിധാനം ചെയ്യുന്നത്.