
ഗായികയും അഭിനേത്രിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന ബീഗം റാബിയ (83) അന്തരിച്ചു. കെ.ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെ പഴയകാലത്ത് നാടകവേദികളില്‍ സജീവമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
67 വര്‍ഷത്തിലേറെ ഇവര്‍ ആകാശവാണിക്കൊപ്പം പ്രവര്‍ത്തിച്ചു. ആകാശവാണിയിലെ ബാലലോകത്തില്‍ 12ാം വയസ്സിലാണ് ആദ്യമായി പാട്ടുപാടിയത്. ഈയടുത്ത കാലം വരെ ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്‌റ്റെന്ന നിലയില്‍ റാബിയ സജീവമായിരുന്നു. പിന്നീട് സ്ഥിരം ജീവനക്കാരിയായെങ്കിലും ജോലി മതിയാക്കി. എന്നാല്‍, നാടന്‍പാട്ട്, ഭക്തിഗാനം, നാടകങ്ങള്‍ക്ക് ശബ്ദം നല്‍കല്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു.
ബീഗം റാബിയ കെ.ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെയാണ് കോഴിക്കോടന്‍ നാടകവേദികളില്‍ സജീവമാകുന്നത്. രാമു കാര്യാട്ടിന്റെ ചെമ്മീന്‍ എന്ന ചിത്രത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ ലോകം അറിയുന്ന അഭിനേത്രിയാകുമായിരുന്ന ബീഗം റാബിയ പക്ഷെ ആ അവസരം നിഷേധിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം പൊന്നാനിയുടെ പശ്ചാത്തലത്തില്‍ ആദി ബാലകൃഷ്ണന്‍ ഒരുക്കിയ ‘പന്ത്’ എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയിലെത്തി.
കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം ഇവരെ തേടിയെത്തിയിട്ടുണ്ട്. ഒപ്പം മറ്റ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. പരേതനായ ശൈഖ് മുഹമ്മദിന്റെ ഭാര്യയാണ്. മക്കള്‍: പരേതനായ സജ്ജാദ് ഹുസൈന്‍, നജ്മല്‍ ഹുസൈന്‍, അഡ്വ. ഷക്കീല്‍ മുഹമ്മദ്, നിസാര്‍ മുഹമ്മദ്, വഹീദ, ശഹനാസ്, പര്‍വിന്‍താജ്. മരുമക്കള്‍: അഫ്‌ന, ആയിശ, രഹ്‌ന, റാബിയ, ഷാനവാസ്, കരീം, നസീര്‍.