ബോളിവുഡ്-ബംഗാളി സംവിധായകന്‍ ബസു ചാറ്റര്‍ജി(93) അന്തരിച്ചു. വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മുംബൈയില്‍ സാന്താക്രൂസിലെ വീട്ടിലായിരുന്നു അന്ത്യം. സാന്റാക്രൂസ് ശ്മശാനത്തില്‍ സംസ്‌കാരം നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ അനുശോചനങ്ങള്‍ അറിയിച്ചു. രണ്ടു പെണ്‍മക്കളാണ് സംവിധായകന്. സൊനാലി ഭട്ടാചാര്യയും രൂപാലി ഗുഹയും.ഛോട്ടി സി ബാത്ത്, രജനിഗന്ധ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ബസു ചാറ്റര്‍ജി. ചിറ്റ്‌ചോര്‍, ഉസ് പാര്‍, പിയ ക ഘര്‍, ബാത്തോം ബാത്തോം മേം തുടങ്ങിയവ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചവയാണ്. അതിമാനുഷ ചിത്രങ്ങളുടെ പിറകെയോ, അല്ലെങ്കില്‍ പൂര്‍ണ്ണ കച്ചവട ഫോര്‍മുലാ സിനിമകളോ ആയിരുന്നില്ല അദ്ദേഹത്തിന്റേത്. സാധാരണക്കാരായി തങ്ങളുടെ ഇഷ്ടതാരങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ സംവിധായകനാണ് ബസു. ബംഗാളിയിലും നിരവധി സിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
രാജസ്ഥാനിലെ അജ്മീറില്‍ ജനിച്ച ബസു ചാറ്റര്‍ജി 70കളിലെ ബംഗാളിസിനിമകളിലെയും ബോളിവുഡിലെയും തിരക്കേറിയ സംവിധായകനായിരുന്നു. അമോല്‍ പലേക്കര്‍, സെറീന വഹാബ് എന്നിവര്‍ ഒന്നിച്ച ചിത്രമാണ് ചിറ്റ്‌ചോര്‍, അമിതാഭ് ബച്ചനെ നായകനാക്കി സംവിധാനം ചെയ്ത മന്‍സില്‍, രാജേഷ് ഖന്ന നായകനായ ചക്രവ്യൂഹ്, ദേവ് ആനന്ദിന്റെ മന്‍ പസന്ത്, തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളായിരുന്നു.
ചിറ്റ്‌ചോര്‍ എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയ ഗോരി തേരാ ഗാവ് എന്ന പാട്ടിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ദുര്‍ഗ എന്ന ചിത്രത്തിന് സംവിധായകനും ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2011ല്‍ പുറത്തു വന്ന ത്രിശങ്കു ആണ് അവസാന ചിത്രം. ടിവി സീരീസുകളും സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം നാലു ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. ബസു ചാറ്റര്‍ജിയുടെ മരണത്തില്‍ ചലച്ചിത്ര, സാംസ്‌കാരിക രംഗത്തുനിന്നുള്ള നിരവധി പേര്‍ അനുശോചനം അറിയിച്ചു.