
മലയാള സിനിമയിലെ ജനപ്രിയ നടനും സംവിധായകനുമായ ബേസിൽ ജോസഫ്, സൈലം ലേണിങ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഡോ. അനന്തു എസുമായി സഹകരിച്ച് സിനിമാ നിർമാണ രംഗത്തേക്ക്. കഴിഞ്ഞ ദിവസമാണ് ഇരുവരും ചേർന്ന് പുതിയ നിർമാണ കമ്പനി ആരംഭിക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.
ബേസിൽ എന്റർടെയിൻമെന്റ്സും ഡോ. അനന്തു എന്റർടെയിൻമെന്റ്സും ഒന്നിച്ച് നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ഉടൻ പുറത്തുവരും. ഈ വിവരം രസകരമായ ഒരു വിഡിയോയിലൂടെയാണ് അറിയിച്ചത്. വിഡിയോയിൽ ബേസിലും അനന്തുവും പരസ്പരം തഗ് അടിച്ചും തമാശ പങ്കുവച്ചും എഗ്രിമെൻ്റ് ഒപ്പിടുന്നതാണ് കാണുന്നത്. നിരവധി സെലിബ്രിറ്റികളും ആരാധകരും വിഡിയോയ്ക്ക് താഴെ ആശംസകൾ നേർന്നു.
ബേസിൽ, സ്വന്തമായ നിർമാണ കമ്പനി പ്രഖ്യാപിച്ചത് മറ്റൊരു രസകരമായ അനിമേഷൻ വിഡിയോ വഴിയായിരുന്നു. ചരിഞ്ഞ പിസാ ഗോപുരം നേരെയാക്കാൻ ശ്രമിക്കുന്ന കുഞ്ഞ് സൂപ്പർഹീറോയെ ആസ്പദമാക്കിയതാണ് വീഡിയോ. കൂളിങ് ഗ്ലാസ് ധരിച്ച്, കൈയിൽ കോലുമിഠായിയും തലയിൽ ‘മിന്നൽ മുരളി’യിലെ റഫറൻസുമുള്ള ആ കുഞ്ഞ് സൂപ്പർഹീറോയാണ് കമ്പനിയുടെ ലോഗോ. വിഡിയോയിൽ ബേസിലിന്റെ സ്വതസിദ്ധമായ ചിരിയും കേൾക്കാം.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈലം ലേണിങ് ഗ്രൂപ്പ്, കേരളത്തിനകത്തും പുറത്തും നിരവധി പരിശീലന കേന്ദ്രങ്ങളുമായി പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ്. ആലപ്പുഴ സ്വദേശിയായ ഡോ. അനന്തു എസ് ആണ് സ്ഥാപകനും സിഇഒയും.