“ഹിറ്റ്‌ലറടക്കമുള്ളവര്‍ നമ്മുടെ ദേവഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവ് വെച്ചാണ് ആറ്റം ബോംബും കമ്പ്യൂട്ടറുകളുമെല്ലാം നിർമിച്ചത്”; ബാലയ്യ

','

' ); } ?>

ഹിറ്റ്‌ലറടക്കമുള്ളവര്‍ നമ്മുടെ ദേവഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവ് വെച്ചാണ് ആറ്റം ബോംബും കമ്പ്യൂട്ടറുകളുമെല്ലാം നിര്‍മിച്ചതെന്ന് നടൻ നന്ദമൂരി ബാലകൃഷ്ണ. കൂടാതെ ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്ന സിനിമയാണ് അഖണ്ഡ 2വെന്നും അത്തരമൊരു സിനിമയില്‍ അഭിനയിക്കാനായതില്‍ താന്‍ അഹങ്കരിക്കുന്നുണ്ടെന്നും ബാലയ്യ കൂട്ടിച്ചേർത്തു. അഖണ്ഡ2: താണ്ഡവം എന്ന തന്റെ പുതിയ ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനിടെയാണ് താരം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

“സ്വന്തം വേരുകള്‍ എത്രമാത്രം മഹത്തരമാണെന്ന് ഇന്നത്തെ തലമുറയെ അറിയിക്കേണ്ടതുണ്ട്. സിനിമ എന്ന ശക്തമായ മാധ്യമം ഞങ്ങള്‍ അതിന് വേണ്ടിയാണ് ഉപയോഗിച്ചത്. നമ്മുടെ പാരമ്പര്യവും സംസ്‌കാരവും എത്ര വലുതാണെന്ന് ഇന്ന് ആര്‍ക്കും അത്ര ധാരണയില്ല. വേദങ്ങളും ഉപനിഷത്തുകളുമാണ് ഇന്നത്തെ മോഡേണ്‍ യുഗത്തിന് വഴികാട്ടിയായത്. നമ്മുടെ വേദങ്ങളെല്ലാം പഠിച്ച വിദേശികള്‍ അതെല്ലാം അവരുടെ നാട്ടില്‍ കൊണ്ടുപോയി തര്‍ജമ ചെയ്തിട്ടുണ്ട്. ഹിറ്റ്‌ലറടക്കമുള്ളവര്‍ നമ്മുടെ ദേവഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ട്. അതില്‍ നിന്ന് ലഭിച്ച അറിവ് വെച്ചാണ് ആറ്റം ബോംബും കമ്പ്യൂട്ടറുകളുമെല്ലാം നിര്‍മിച്ചത്. വേദഗ്രന്ഥങ്ങളില്‍ പണ്ടേ ഇതിനെക്കുറിച്ചെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. അതെല്ലാം മനസിലാക്കാന്‍ നമ്മള്‍ ശ്രമിക്കണം.” നന്ദമൂരി ബാലകൃഷ്ണ പറഞ്ഞു.

ശുശ്രുതന്‍ എന്ന ആയുര്‍വേദ പണ്ഡിതന്‍ പൗരാണിക കാലത്ത് പല അത്ഭുതങ്ങളും ചെയ്തിട്ടുണ്ട്. ഇന്‍ജെക്ഷന്‍, അനസ്‌തേഷ്യ, ഓപ്പറേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തിന് മുന്നേ ഇന്ത്യയില്‍ ചെയ്തിട്ടുണ്ട്. എന്റെ സിനിമകളിലൂടെ ഇക്കാര്യം ജനങ്ങളിലെത്തിക്കാന്‍ ഞാൻ ശ്രമിക്കും. ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്ന സിനിമയാണ് അഖണ്ഡ 2 . അത്തരമൊരു സിനിമയില്‍ അഭിനയിക്കാനായതിൽ ഞാൻ അഹങ്കരിക്കുന്നു.” നന്ദമൂരി ബാലകൃഷ്ണ കൂട്ടിച്ചേർത്തു.

അതേസമയം, സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ അഖണ്ഡ 2-നായി കാത്തിരുന്നത്. സിനിമ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു.