‘ബാലന്‍ വക്കീലി’ന് ശേഷം ബിഗ് ബജറ്റ് ചിത്രവുമായി ദിലീപ്

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിന് ശേഷം ദിലീപ് അഭിനയിക്കുക ഒരു ബിഗ് ബജറ്റ് ചിത്രത്തിലെന്ന് റിപ്പോര്‍ട്ട്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം ജി.പ്രജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

തോട്ടുപുറം ഫിലിംസിന്റെ ബാനറില്‍ എബി തോട്ടുപുറം നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ളയും ടി.എന്‍ സുരാജും ചേര്‍ന്നാണ്. ചിത്രം നിര്‍മ്മിക്കുന്നത് നോബിള്‍ ജേക്കബാണ്.

പ്രശസ്ത ക്യാമറാമാന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനും ദിലീപിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ്. 3 ഡി ഫോര്‍മാറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ മജീഷ്യനായാണ് താരം എത്തുന്നത്. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടം നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

ദിലീപിന്റെ കോടതിസമക്ഷം ബാലന്‍ വക്കീലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആലപ്പുഴയും എറണാകുളവുമാണ് പ്രധാന ലൊക്കേഷനുകള്‍. മോഹന്‍ലാല്‍ നായകനായ വില്ലന് ശേഷമെത്തുന്ന ബി.ഉണ്ണികൃഷ്ണന്‍ ചിത്രമാണ് ഇത്.