
തെലുങ്ക് സിനിമാലോകത്തിലെ അതുല്യനായ നടൻ നന്ദമുരി ബാലകൃഷ്ണ അതവ ബാലയ്യ, തന്റെ പുതിയ സിനിമകളിൽ പ്രതിഫലം കുത്തനെ ഉയർത്തിയതായി റിപ്പോർട്ടുകൾ. ‘അഖണ്ഡ 2’ എന്ന ചിത്രത്തിൽ ബാലയ്യ ആവശ്യപ്പെട്ടിരിക്കുന്ന പ്രതിഫലം 35 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ഗോപിചന്ദ് മല്ലിനേനി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിന് വേണ്ടി ബാലയ്യ 45 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗ്രേറ്റ് ആന്ധ്ര.കോം റിപ്പോർട്ട് ചെയ്യുന്നു.
മുന്‍പ് 12 കോടി മുതൽ 18 കോടി വരെ പ്രതിഫലം വാങ്ങാറുണ്ടായിരുന്ന ബാലക്കൃഷ്ണയുടെ ഈ കുതിച്ചുചാട്ടം, തുടർച്ചയായി നാല് 100 കോടി ക്ലബ്ബ് സിനിമകൾ നൽകിയതിന്റെ ഫലമായെന്നാണ് വിലയിരുത്തപ്പെടുന്നത് . 2021 ൽ ബോയപതി ശ്രീനു സംവിധാനം ചെയ്ത ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമായ ‘അഖണ്ഡ 2’യിൽ ഇരട്ടവേഷത്തിലാണ് ബാലയ്യ എത്തുന്നത്. ചിത്രത്തിന്റെ ഒടിടി (OTT) വിതരണാവകാശത്തിനായി നിർമാതാക്കൾ 100 കോടി രൂപ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
പ്രഗ്യാ ജെയ്സ്വാൾ നായികയായുള്ള ‘അഖണ്ഡ 2’ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ്. ബാലയ്യ നായകനായി എത്തിയത് അവസാനമായി ‘ഡാക്കു മഹാരാജ്’ എന്ന ചിത്രത്തിലൂടെയാണ്. ബോബി കൊല്ലി സംവിധാനം ചെയ്ത ഈ ചിത്രം 156 കോടി രൂപയുടെ കളക്ഷനുമായി വലിയ വിജയമായി മാറി. ഇതോടെ ബാലകൃഷ്ണയുടെ നാല് ചിത്രങ്ങൾ തുടർച്ചയായി 100 കോടി ക്ലബ്ബിൽ പ്രവേശിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. ബോയപതി ശ്രീനുവുമായി ബാലയ്യയുടെ പഴയ ഹിറ്റ് കൂട്ടുകെട്ടുകൾ — സിംഹ, ലെജൻഡ്, അഖണ്ഡ — സിനിമാലോകത്ത് ഇന്നും ചർച്ചയാക്കപ്പെടുന്ന സിനിമകളാണ്.