ടു ബാലു ഫോര്‍ എവര്‍ : ബാലഭാസ്‌കറിന് എം.ജയചന്ദ്രന്റെ സ്‌നേഹ സമ്മാനം

വയലിന്‍ മാന്ത്രികന്‍ ബാല ഭാസ്‌കറിന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ സംഗീത സമര്‍പ്പണം. ‘ടു ബാലു ഫോര്‍ എവര്‍’ എന്ന ഗാനോപഹാരമാണ് ബാല ഭാസ്‌കറിനായി ജയചന്ദ്രന്‍ ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധായകന്‍ കൂടിയായ ബാല ഭാസ്‌കറിന്റെ പാട്ടുകള്‍ ചേര്‍ത്താണ് ‘ടു ബാലു ഫോര്‍ എവര്‍’ ഒരുക്കിയിരിക്കുന്നത്.

ഒക്ടോബര്‍ രണ്ടിനായിരുന്നു ബാലഭാസ്‌കര്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്.മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ള ബാല ഭാസ്‌കര്‍ തന്റെ പന്ത്രണ്ടാം വയസ്സിലാണ് സ്‌റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങിയത്. പതിനേഴാം വയസില്‍ ‘മംഗല്യ പല്ലക്ക് ‘ എന്ന സിനിമയ്ക്ക് സംഗീതസംവിധാനം ചെയ്ത് മലയാള സിനിമയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീത സംവിധായകനായി. പ്രശസ്ത സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്‍, മേള വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഉസ്താദ് സക്കീര്‍ ഹുസൈന്‍, ശിവമണി, വിക്കു വിനായക് റാം, ഹരിഹരന്‍, പാശ്ചാത്യ സംഗീതജ്ഞന്‍ ലൂയി ബാങ്ക്, ഫസല്‍ ഖുറൈഷി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ജുഗല്‍ബന്ധിയിലൂടെ ഏറെ ശ്രദ്ധേയനായി. സംഗീത ജീവിതത്തിലെ ആദ്യ വര്‍ഷങ്ങളില്‍ത്തന്നെ കെ.ജെ യേശുദാസ്, പി.ജയചന്ദ്രന്‍, കെ.എസ് ചിത്ര തുടങ്ങി പ്രമുഖ ഗായകര്‍ ബാലഭാസ്‌കറിന്റെ ഈണത്തിന് ശബ്ദം പകര്‍ന്നു. കോളജ് പഠന കാലത്ത് കണ്‍ഫ്യൂഷന്‍ എന്ന പ്രൊഫഷണല്‍ ബാന്‍ഡ് രൂപീകരിച്ചു. പിന്നീട് ബിഗ് ഇന്ത്യന്‍ ബാന്‍ഡ്, ബാലലീല എന്നീ ബാന്‍ഡുകളും സ്ഥാപിച്ചു. കേരളത്തിന് ആദ്യമായി ഇലക്ട്രിക് വയലിന്‍, ഇന്തോ വെസ്‌റ്റേണ്‍ സംഗീതം പരിചയപ്പെടുത്തിയതും ബാലഭാസ്‌കറാണ്.

‘ടു ബാലു ഫോര്‍ എവര്‍’ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ബാലു ഇവിടെയുണ്ടെന്ന സന്ദേശം സംഗീതത്തില്‍ ഉള്‍പ്പെടുത്തി വീഡിയോ ആക്കിയാണ് ജയചന്ദ്രന്‍ സംഗീതം ഒരുക്കിയത്. ബാലഭാസ്‌കര്‍ ചിട്ടപ്പെടുത്തിയ സൂര്യാ തീം മ്യൂസിക് സംഗീത സ്വരങ്ങളിലൂടെ ആലപിച്ചാണ് ജയചന്ദ്രന്‍ ആരാധകര്‍ക്കായി വീഡിയോ പങ്കുവെച്ചത്.