വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണമെന്ന നിഗമനത്തില്‍ സി.ബി.ഐ. ഡ്രൈവര്‍ അര്‍ജുന്റേയും കലാഭവന്‍ സോബിയുടേയും നുണപരിശോധനാഫലം പുറത്തുവന്ന സാഹചര്യത്തിലാണ് സി.ബി.ഐയുടെ നിഗമനം. അപകടം നടന്ന സമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയും കലാഭാവന്‍ സോബി പറഞ്ഞതും കളളമാണെന്ന് നുണപരിശോധനയില്‍ തെളിഞ്ഞു.
കഴിഞ്ഞമാസമാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നാലുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ബാലകൃഷ്ണന്‍, കേസില്‍ നിരവധി ആരോപണങ്ങളുയര്‍ത്തിയ കലാഭവന്‍ സോബി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്.
താനല്ല ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് അര്‍ജുന്‍ നല്‍കിയിരുന്ന മൊഴി കളവാണെന്ന്അന്വേഷണ ഉദ്യോഗസഥര്‍ക്ക് കണ്ടെത്തി.അര്‍ജുന്‍ തന്നെയാണ് വാഹനമോടിച്ചതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് സി.ബി.ഐ.
രണ്ടുഘട്ടങ്ങളായാണ് നുണ പരിശോധന നടത്തിയത്. ഇതില്‍ ഒരു ടെസ്റ്റില്‍ സോബി പറയുന്നത് കളളമാണെന്നും രണ്ടാമത്തെ ടെസ്റ്റില്‍ സഹകരിച്ചില്ലെന്നുമാണ് വിവരം.
2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിക്കുകയും ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.