നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ എതിര്‍സത്യവാങ്മൂലം നല്‍കേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. അതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അതേസമയം, ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.
വെള്ളിയാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തുള്ള വിശദമായ സത്യവാങ്മൂലം നല്‍കി. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴികളും കേസില്‍ ശേഖരിച്ച തെളിവുകളും മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയേക്കും. അതിനിടെ, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും.
കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടുണ്ട്. വിചാരണക്കോടതിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ ഉന്നയിച്ചിരുന്നത്. നേരത്തെ വിചാരണക്കോടതി ഈ ആവശ്യങ്ങള്‍ തള്ളിയിരുന്നു. കേസില്‍ 16 സാക്ഷികളെ കൂടുതല്‍ വിസ്തരിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല്‍ പകര്‍പ്പ് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇതില്‍ രണ്ട് ആവശ്യവും ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട 16 സാക്ഷികള്‍ക്ക് പകരം പ്രധാനപ്പെട്ട എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അതോടൊപ്പം മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല്‍ പകര്‍പ്പ് ഹാജരാക്കാനും കോടതി അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രണ്ട് ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് കേസില്‍ നിര്‍ണായകമായ ഈ ഉത്തരവ് ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.