ബാഫ്റ്റ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു,മികച്ച നടി ഒലിവിയ കോള്‍മാന്‍, നടന്‍ റാമി മാലെക്

ബ്രിട്ടീഷ് ചലച്ചിത്ര പുരസ്‌കാരം ബാഫ്റ്റ പ്രഖ്യാപിച്ചു. ഒലിവിയ കോള്‍മാന്‍ അഭിനയിച്ച ദി ഫേവറിറ്റ് മികച്ച നടിക്കും സഹനടിക്കും ഒറിജിനല്‍ തിരക്കഥയ്ക്കും അടക്കം ഏഴു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. വസ്ത്രലാങ്കാരം, മേക്കപ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍, ഔട്ട്സ്റ്റാന്റിംഗ് ബ്രിട്ടീഷ് ചിത്രം എന്നീ കാറ്റഗറികളിലും ദി ഫേവറിറ്റ് പുരസ്‌കാരം നേടി. ഒലിവിയ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ റേച്ചല്‍വീസ് മികച്ച സഹനടിയായി. മികച്ച നടനായി റാമി മാലെക് തിരഞ്ഞെടുക്കപ്പെട്ടു. ബോഹിമിയന്‍ റാപ്‌സോഡിയിലെ പ്രകടനത്തിനാണ് റാമി മാലെക് ജേതാവായത്. മഹര്‍ഷാല അലി സഹനടനും ലെതീഷ്യ റൈറ്റന്‍ റൈസിങ് സ്റ്റാര്‍ പുരസ്‌കാരവും നേടി. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് അടക്കം മെക്‌സിക്കന്‍ ചിത്രം റോമ നാലു പുരസ്‌കാരങ്ങള്‍ നേടി. റോമയുടെ സംവിധായകന്‍ അല്‍ഫോണ്‍സോ ക്വോറോണാണ് മികച്ച സംവിധായകന്‍.

ലണ്ടന്‍ റോയല്‍ ആല്‍ബെര്‍ട്ട് ഹാളിലാണ് പുരസ്‌കാര ചടങ്ങുകള്‍ നടന്നത്. നടി ജൊവാന ലുംലീ ആണ് ഇത്തവണത്തെ ബാഫ്റ്റ അവതരിപ്പിച്ചത്. ഫെബ്രുവരി 24ന് നടക്കുന്ന ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള ഏറ്റവും മികച്ച സൂചനകളിലൊന്നായാണ് ബാഫ്റ്റ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബാഫ്റ്റ വിജയികള്‍ അഭിനയത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.